ഭോപാല്‍- മധ്യപ്രദേശില്‍ എംബിബിഎസ് കോഴ്‌സ് പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പരിഷ്‌ക്കരിച്ച സിലബസില്‍ വിദ്യാഭ്യാസ വകുപ്പ് ഹിന്ദുത്വ തീവ്രവാദ സംഘടനയായ ആര്‍എസ്എസ് സ്ഥാപകരേയും ഉള്‍പ്പെടുത്തിയതിനെ ചൊല്ലി വിവാദം. ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ഹെഗ്‌ഡെവാര്‍, ജനസംഘ് സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാധ്യയ് എന്നിവരെ കുറിച്ചുള്ള പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഇത് വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണമാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. സിപിഎം ജനറല്‍ സെക്രട്ടറി സിതാരാം യെച്ചൂരിയും മധ്യപ്രദേശ് സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതികരിച്ചു.
രാജ്യത്തെ ചിന്തകരുടെ തത്വങ്ങളാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം ശുശ്രുതനും ഡോ. ബി. ആര്‍ അംബേഡ്കറും സിലബസിലുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്രയും കാലം നെഹ്‌റുവിനെ കുറിച്ചു മാത്രമാണ് പഠിപ്പിച്ചുകൊണ്ടിരുന്നതെന്നും മറ്റുള്ളവരെ ഒഴിവാക്കുകയായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
ഇത് ബിജെപിയുടെ അജണ്ടയുടെ ഭാഗമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തവരെ കുറിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് അസംബന്ധമാണെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലുജ പറഞ്ഞു. ബിജെപി അധികാരത്തിലിരിക്കുമ്പോഴെല്ലാം ചെയ്യുന്നതാണ് ഇതെന്ന് സിതാറാം യെച്ചൂരി പറഞ്ഞു. അവര്‍ രാജ്യത്തിന്റെ ചരിത്രം തിരുത്താനും വളച്ചൊടിക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.