റായ്പൂര്‍- നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് റായ്പൂരില്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതനെ ഹിന്ദുത്വ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനില്‍ കയറി മര്‍ദിച്ചു. സ്റ്റേഷനില്‍ ഇവരും പാസ്റ്റര്‍ക്കൊപ്പമുണ്ടായിരുന്നവരും തമ്മില്‍ വാഗ്വാദമുണ്ടായി. ഇതിനിടെയാണ് മര്‍ദനം. പരാതിയെ തുടര്‍ന്ന് കക്ഷികളെ ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയതായിരുന്നു. റായ്പൂരിലെ പുരാനി ബസ്തി പോലീസ് സ്റ്റേഷനിലാണ് സംഭവം. ഭതഗാവ് പ്രദേശത്ത് നിര്‍ബന്ധ മതപരിവര്‍ത്തനം നടക്കുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. കക്ഷികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനു പിന്നാലെ പ്രാദേശിക തീവ്ര ഹിന്ദുത്വ നേതാക്കളും സ്റ്റേഷനിലെത്തി. മതപരിവര്‍ത്തന തടയണമെന്നാവശ്യപ്പെട്ട് ഇവരുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ പ്രതിഷേധ പ്രകടനം നടന്നു. ഇതിനിടെ പാസ്റ്ററും പ്രദേശത്തെ ക്രിസ്ത്യന്‍ സമുദായംഗങ്ങളും സ്റ്റേഷനിലെത്തിയതോടെ ജനക്കൂട്ടം ഇവര്‍ക്കു നേരെ തിരിയുകയായിരുന്നു. ഇതിനിടെ പാസ്റ്ററെ സ്റ്റേഷന്‍ ഇന്‍ ചാര്‍ജിന്റെ മുറിയിലേക്കു കൊണ്ടു പോയി. എന്നാല്‍ അവിടെ ഇരച്ചെത്തിയ ഹിന്ദുത്വ ഗുണ്ടകള്‍ പാസ്റ്ററെ ശാരീരികമായി മര്‍ദിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. അക്രമികല്‍ പാസ്റ്ററെ ചെരിപ്പും ഷൂവും ഊരി അടിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.
അതേസമയം മര്‍ദനം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സ്റ്റേഷനില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പോലിസ് പറഞ്ഞു. മതപരിവര്‍ത്തന പരാതിയാണ് പരിഗണിച്ചു വരുന്നത്. അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്നും അഡീഷനല്‍ പോലീസ് സുപ്രണ്ട് താരകേശ്വര്‍ പട്ടേല്‍ പറഞ്ഞു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ഏഴു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
A pastor was allegedly beaten inside a police station in Raipur pic.twitter.com/jjNFgz2JGg
— Anurag Dwary (@Anurag_Dwary) September 5, 2021