പാല്‍ഘര്‍- മോഷണക്കേസുകളില്‍ പോലീസ് പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകള്‍ എടുത്തു വിറ്റ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച സംഭവത്തില്‍ ഒരു വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പാര്‍ഘര്‍ ജില്ലയിലെ വസായി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബ്ള്‍ മംഗല്‍ ഗെയ്ക്ക്‌വാദ് ആണ് പിടിയിലായത്. മോഷ്ടാക്കളില്‍ നിന്ന് പിടികൂടുന്ന തൊണ്ടിമുതലുകളുടെ സൂക്ഷിപ്പു ചുമതല വഹിച്ചിരുന്നു മംഗല്‍. ഒരു ആക്രിക്കച്ചവടക്കാരന്റെ സഹായത്തോടെ ഇവര്‍ തൊണ്ടിമുതലുകള്‍ എടുത്തുവിറ്റ് ആറു വര്‍ഷത്തിനിടെ 26 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തിയെന്ന് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കല്യാണ്‍ കര്‍പെ പറഞ്ഞു. സ്റ്റേഷനില്‍ തൊണ്ടി മുതലുകളുടെ ഓഡിറ്റ് നടത്തിയപ്പോഴാണ് ഈ വെട്ടിപ്പുകള്‍ പുറത്തറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മംഗലിലെ പോലീസ് സസ്‌പെന്‍ഡ് ചെയ്തു. ബുധനാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.