ഗുരുവായൂർ- വാരിയംകുന്നൻ സിനിമ നിർമിക്കാൻ ഒരുക്കമാണെന്ന പ്രഖ്യാപനത്തിൽ നിന്ന് സംവിധായകൻ ഒമർ ലുലു പിൻമാറി. നേരത്തെ ആഷിക് അബു പിൻമാറിയത് വലിയ ചർച്ചയായിരുന്നു. നിർമാതാക്കളുമായുള്ള വിഷയമാണ് സിനിമയിൽ നിന്ന് പിൻമാറാൻ കാരണമെന്നായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം. അതിന് ശേഷമാണ് 15 കോടി രൂപയും ബാബു ആന്റണിയുമുണ്ടെങ്കിൽ ഇന്നുവരെ കാണാത്ത ആക്ഷൻ രംഗങ്ങളുള്ള വാരിയൻകുന്നൻ വരുമെന്ന് ഒമർ ലുലു പ്രഖ്യാപിച്ചത്. എന്നാൽ നിർമാതാവും പണവും എത്തിയതോടെ അദ്ദേഹം നിലപാട് മാറ്റി. സിനിമയില്ലെന്ന് പറഞ്ഞു. രൂക്ഷമായ പരിഹാരമാണ് ഒമർ ലുലുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ഴിഞ്ഞ വർഷം ജൂണിലാണ് മലബാർ സമര നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സംബന്ധിച്ച സിനിമ 'വാരിയംകുന്നൻ' വരാൻ പോകുന്നുവെന്ന് സംവിധായകൻ ആഷിക് അബുവും നടൻ പൃഥ്വിരാജും പ്രഖ്യാപിച്ചത്. വലിയ ചർച്ചയായി ഈ പ്രഖ്യാപനം. വാരിയംകുന്നൻ സിനിമ വരില്ലെന്നും ആഷിക് അബുവും പൃഥ്വിരാജും പിൻമാറി എന്നുമായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. തൊട്ടുപിന്നാാലെ ആഷിക് അബു ഇക്കാര്യം ശരിവച്ച് രംഗത്തെത്തി. നിർമാതാക്കളുമായുള്ള വിഷയമാണ് സിനിമയിൽ നിന്ന് പിൻമാറാൻ കാരണമെന്ന് വിശദീകരിച്ചു. ഇതോടെയാണ് ഒമർ ലുലുവിന്റെ വരവ്. പ്രീ ബിസിനസ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വച്ച് 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമാതാവ് വന്നാൽ മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങളുള്ള ഒരു വാരിയംകുന്നൻ വരും എന്നായിരുന്നു ഒമർ ലുലിവിന്റെ പ്രഖ്യാപനം. എന്നാൽ ഈ പ്രഖ്യാപനത്തിന് അൽപ്പായുസ്സേയുണ്ടായുള്ളൂ. നിർമാതാവ് റെഡിയായപ്പോൾ ഒമർ ലുലു തടിയൂരി. ഐ.വി ശശിയുടെ 1921ൽ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പുതുതായി ഒന്നും ചെയ്യാനില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.