തിരുവനന്തപുരം- മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ സംവിധാനം ചെയ്തതും മഞ്ജുവാര്യര്‍ അഭിനയിക്കുന്നതുമായ ആമി വിവാദമാക്കാന്‍ സംഘ്പരിവാര്‍ ശ്രമം.
ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് നല്‍കിയതായി ഹൈക്കോടതി അഭിഭാഷകരായ അഡ്വ കെ.പി രാമചന്ദ്രനും അഡ്വ.സി രാജേന്ദ്രനും പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി അബ്ദുസ്സമദ് സമദാനി മാധവിക്കുട്ടിയെ മതം മാറ്റുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. അവസാന നാളുകളില്‍, മാധവിക്കുട്ടിക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങണമെന്നും ഹിന്ദു ആചാര പ്രകാരം അന്ത്യകര്‍മങ്ങള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ഇസ്‌ലാമിക തീവ്രവാദികളുടെ ഭീഷണി കാരണം നടന്നില്ലെന്ന് അവര്‍ പറഞ്ഞു.
മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആമി എന്നാണ് കമല്‍ വ്യക്തമാക്കിയിരിക്കുന്നത്. മാധവിക്കുട്ടിയുടെ യഥാര്‍ഥ ജീവിതം വേണം ചരിത്രത്തിലും. അല്ലെങ്കില്‍ അത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും പൊതുസമാധാനഭംഗത്തിനും ചരിത്രം തിരുത്തി എഴുതുന്നതിനും കാരണമാകും. ജീവതകഥ സിനിമ എന്ന പേരില്‍ മാറ്റി എഴുതുകയും ചരിത്രത്തെ വളച്ചെടിക്കുകയും കുറ്റ കൃത്യങ്ങളെ ന്യായീകരിക്കുന്നതും ആവരുത്.
അവസാനകാലം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് നിവേദനം നല്‍കിയിട്ടുള്ളത്. എന്നാല്‍ തന്റെ ചിത്രത്തില്‍ വിവാദപരമായതൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു.