ന്യൂദല്‍ഹി- ഇന്ത്യയില്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ തേടി അഫ്ഗാനിസ്ഥാനില്‍ നിന്നെത്തി അഭയാര്‍ത്ഥികള്‍ ദല്‍ഹിയിലെ യുഎന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് ഓഫീസിനു മുന്നില്‍ ദിവസങ്ങളായി പ്രതിഷേധ സമരം തുടരുന്നു. തങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കണമെന്നും പുനരധിവാസത്തിന് വഴിയുണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് വസന്ത് വിഹാറിലെ യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ഇവര്‍ സമരം ചെയ്യുന്നത്. അഫ്ഗാനില്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തതോടെ തങ്ങള്‍ക്ക് അവിടേക്ക് മടങ്ങാനാകാത്ത സ്ഥിതിയാണെന്നും ഇവര്‍ പറയുന്നു. താലിബാന്‍ കാബൂള്‍ കീഴടക്കിയ ഓഗസ്റ്റ് 15 മുതലാണ് ഇവര്‍ സമരം ആരംഭിച്ചത്.
റോഡിലും സമീപത്തെ പാര്‍ക്കിലും അഫ്ഗാനികള്‍ തമ്പടിച്ചതോടെ തങ്ങള്‍ക്ക് മാര്‍ഗ തടസ്സമുണ്ടാകുന്നുവെന്നും ഇവരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ദല്‍ഹി സര്‍ക്കാരിനോടും ദല്‍ഹി പോലീസിനോടും കോടതി ആവശ്യപ്പെട്ടു. നിരവധി പേര്‍ മാസ്‌ക് പോലും ധരിക്കാതെ ഒത്തുകൂടിയ ഈ സമരം കോവിഡ് അതിവ്യാപനത്തിന് ഇടയാക്കിയേക്കുമെന്നും ഇത് തടയണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ദല്‍ഹി സര്‍ക്കാര്‍, ദല്‍ഹി പോലീസ്, സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍, ദല്‍ഹി ജല്‍ ബോര്‍ഡ് എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചു.
വസന്ത് വിഹാര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ആണ് അഫ്ഗാന്‍ സമരക്കാര്‍ക്കെതിരെ ഹര്‍ജി നല്‍കിയത്. പ്രദേശത്തെ റോഡുകളെല്ലാം വിദേശികള്‍ തമ്പടിച്ചതോടെ സമീപവാസികള്‍ക്ക് പ്രയാസം നേരിടുന്നുണ്ടെന്ന് ഇവര്‍ ഹര്‍ജിയില്‍ പരാതിപ്പെട്ടു.