ദോഹ- ഉപഭൂഖണ്ഡത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യ വളരെ പ്രധാനമാണെന്നും ഇന്ത്യയുമായി സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ, വ്യാപാര ബന്ധങ്ങള്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ വ്യക്തമാക്കി. ഖത്തറിലെ താലിബാന്‍ ഓഫീസ് ഉപമേധാവിയായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സഇ ആണ് നിലപാട് അറിയിച്ചത്. ഓഗസ്റ്റ് 15 അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചെടുത്തതിനു ശേഷം ആദ്യമായാണ് താലിബാന്‍ ഉന്നത നേതൃത്വത്തില്‍ നിന്നും ഇന്ത്യയോടുള്ള സമീപനം സംബന്ധിച്ച് ഒരു പ്രസ്താവന ഉണ്ടാകുന്നത്. അഫ്ഗാനിസ്താന്റെ ഇന്ത്യയുമായുള്ള ബന്ധം പ്രതികൂലസ്വാധീനമായി പാക്കിസ്ഥാന്‍ കാണുന്ന പശ്ചാത്തലത്തല്‍ പ്രത്യേകിച്ചും താലിബാന്റെ ഈ നിലപാടിന് പ്രാധാന്യമുണ്ട്.
1980കളില്‍ ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാഡമിയില്‍ പരിശീലനം ലഭിച്ച അഫ്ഗാന്‍ സൈനികരില്‍ ഒരാളാണ് താലിബാന്‍ ഉന്നത നേതാവായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനികസഇ. 1996ല്‍ ആദ്യമായി താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തപ്പോഴും അദ്ദേഹം സമാനമായി ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിച്ച് പ്രസ്താവന നടത്തിയിരുന്നു. അന്നദ്ദേഹം കാവല്‍ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു.
അഫ്ഗാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പൂര്‍ണമായും ഇന്ത്യ പിന്‍വലിച്ച് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.