ലണ്ടന്‍- ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂയ്‌സിന്റെ ബിഎംഡബ്ല്യൂ മോഷണം പോയി. മിഷന്‍ ഇംപോസിബിള്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ലണ്ടനില്‍ വച്ചാണ് കാര്‍ മോഷ്ടിക്കപ്പെട്ടത്.
ബര്‍മിങ്ഹാമിലെ യാത്രയ്ക്കുള്‍പ്പെടെ താരം ഉപയോഗിച്ച വാഹനമായിരുന്നു ഇത്. അതിനാല്‍ തന്നെ യാത്രയ്ക്ക് ഉപയോഗിച്ച ലഗേജുകളും ചില സാധനങ്ങളും ആഢംബര കാറിലുണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണത്തെ ട്രാക്ക് ചെയ്ത് അധികം വൈകാതെ തന്നെ കാര്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഇതിലെ സാധനങ്ങള്‍ കളവ് പോയി. ബര്‍മിങ്ഹാമിലെ ഗ്രാന്‍ഡ് ഹോട്ടലിന് പുറത്ത് ചര്‍ച്ച് സ്ട്രീറ്റിലായിരുന്നു ബിഎംഡബ്ല്യൂ എക്‌സ് 7 എന്ന ആഢംബര കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇവിടെ വച്ചാണ് മോഷണം നടന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അതീവ സുരക്ഷയുള്ള നടന്റെ കാര്‍ മോഷ്ടാക്കള്‍ കൈക്കലാക്കുകയായിരുന്നു.പോലീസ് ഉടന്‍ തന്നെ പരിശോധന ആരംഭിച്ച് കാര്‍ കണ്ടെത്തുകയായിരുന്നു. ഹോളിവുഡിലെ അതീവ സുരക്ഷയുള്ള താരങ്ങളില്‍ ഒരാളായ ടോം ക്രൂയ്‌സിന്റെ കാര്‍ മോഷണം പോയത് വലിയ ആശങ്കയും ഉണ്ടാക്കി.