മുംബൈ- ബോളിവുഡ് നടന്‍ അര്‍മാന്‍ കോലി മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്തു. നടന്റെ മുംബൈയിലെ വീട്ടില്‍ നിന്ന് നിരോധിത മയക്കുമരുന്നായ കൊക്കെയ്ന്‍ പിടിച്ചെടുത്തുവെന്നും അദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അറിയിച്ചു. കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങളുണ്ട് എന്നതിന് തെളിവ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത കൊക്കെയ്ന്‍ തെക്കന്‍ അമേരിക്കയില്‍ നിന്നുള്ളതാണ്. ഇത് മുംബൈയില്‍ എത്തിച്ച മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കുറിച്ചാണ് എന്‍സിബി അന്വേഷിച്ചുവരുന്നത്.
പ്രധാന മയക്കുമരുന്ന് കടത്തക്കാരില്‍ ഒരാളായ അജയ് രാജു സിങിനെ ശനിയാഴ്ച എന്‍സിബി സംഘം നിരോധിത മയക്കുമരുന്ന് ശേഖരവുമായി പിടികൂടിയിരുന്നു. ഇദ്ദേഹത്തില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടന്‍ അര്‍മാന്‍ കോലിയുടെ അന്ധേരിയിലെ വീട്ടില്‍ സംഘം റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും ചെറിയൊരളവ് കൊക്കെയ്ന്‍ ആണ് പിടിച്ചെടുത്തത്. നടനെ ചോദ്യം ചെയ്യാനായി കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.