Sorry, you need to enable JavaScript to visit this website.

ഇന്ത്യ മാപ്പു പറഞ്ഞു; നാടുകടത്തപ്പെട്ട അഫ്ഗാന്‍ മുസ്‌ലിം വനിതാ എംപിക്ക് കേന്ദ്ര സർക്കാർ വിസ അനുവദിക്കും

ന്യൂദല്‍ഹി- അഭയം തേടി ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാനിലെ മുസ്‌ലിം വനിതാ എംപി റംഗീന കാര്‍ഗറിനെ വന്ന വിമാനത്തില്‍ തന്നെ ഇന്ത്യയില്‍ നിന്ന് നാടുകടത്തിയ നടപടി അശ്രദ്ധമൂലമുണ്ടായ പിഴവാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ അനുഭവം നേരിട്ടതില്‍ കാര്‍ഗറിനോട് വിദേശ കാര്യ മന്ത്രാലയം ക്ഷമ ചോദിക്കുകയും ചെയ്തു. ഇവര്‍ക്ക് ഉടന്‍ എമര്‍ജന്‍സി വിസ അനുവദിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിലെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി ജെ പി സിങ് തന്നെ വിളിച്ച് ക്ഷമ ചോദിച്ചുവെന്ന് കാര്‍ഗര്‍ പറഞ്ഞു. ഇ-വിസയ്ക്ക് അപേക്ഷിച്ചാല്‍ ഉടന്‍ അനുവദിക്കുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചതായും അവര്‍ പറഞ്ഞു. വിസയ്ക്ക് ചെലവ് വളരെ ഏറെയാണെന്നും തന്റെ ഒരു വയസ്സുള്ള മകള്‍ക്ക് വിസ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഒരാഴ്ചയായി അനുവദിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍്ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വനിതാ എംപിയെ തിരിച്ചയച്ചത് തെറ്റായി പോയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

ഓഗസ്റ്റ് 20നാണ് ഇവര്‍ ഇസ്താംബൂളില്‍ നിന്നും ഫ്ളൈ ദുബായ് വിമാനത്തില്‍ ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. എയര്‍പോര്‍ട്ടില്‍ അധികൃതര്‍ രണ്ടു മണിക്കൂറോളം തടഞ്ഞുവച്ച ശേഷം നാടുകടത്തല്‍ നടപടിയുടെ ഭാഗമായി പിന്നീട് ഇതേ വിമാനത്തില്‍ ഇസ്താംബൂളിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇന്ത്യ-അഫ്ഗാന്‍ കരാര്‍ പ്രകാരം വിസയില്ലാതെ യാത്ര ചെയ്യാവുന്ന ഔദ്യോഗിക നയതന്ത്ര പാസ്പോര്‍ട്ട്തനിക്കുണ്ടായിട്ടും പ്രവേശനാനുമതി നല്‍കിയില്ലെ ഗാന്ധിജിയുടെ ഇന്ത്യയില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇവരുടെ അനുഭവം പുറത്തുകൊണ്ടുവന്നത്. 

Latest News