ചെന്നൈ-തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം പ്രകാശ് രാജ് വീണ്ടും വിവാഹിതനായി. മകന്റെ ആവശ്യപ്രകാരമായിരുന്നു വിവാഹം. എന്നാല്‍, സംഭവത്തിലെ ട്വിസ്റ്റ് എന്തെന്നാല്‍, വിവാഹവാര്‍ഷിക ദിനത്തില്‍ മകന്‍ വേദാന്ത് ആവശ്യപ്പെട്ടതുപോലെ അവന്റെ കണ്‍മുന്നില്‍ വച്ച് സ്വന്തം ഭാര്യയെ വിവാഹം ചെയ്യുകയായിരുന്നു താരം.വീണ്ടും വിവാഹം ചെയ്ത ചിത്രങ്ങള്‍ പ്രകാശ് രാജ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. പഴയ വിവാഹ ഫോട്ടോയും ട്വിറ്ററില്‍ ഒപ്പം ചേര്‍ത്തിട്ടുണ്ട്. 'ഞങ്ങള്‍ വീണ്ടും വിവാഹിതരായി. കാരണം ഞങ്ങളുടെ മകന്‍ വേദാന്ത് അതിന് സാക്ഷിയാകാന്‍ ആഗ്രഹിച്ചു,' എന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
അച്ഛന്റെയും അമ്മയുടെയും വിവാഹം നേരിട്ട് കാണണമെന്നായിരുന്നു വേദാന്ത് ആവശ്യപ്പെട്ടത്. വേദാന്തിനും, നടന്റെ ആദ്യഭാര്യയിലെ മക്കളായ മേഘ്‌നക്കും പൂജയ്ക്കും മുന്നില്‍ വച്ച് പോണി വര്‍മ്മയും പ്രകാശ് രാജും വിവാഹിതരാവുകയായിരുന്നു. മോതിരം കൈമാറിയും പരസ്പരം ചുംബിച്ചും വിവാഹം ചെയ്ത്, മകന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു ദമ്പതികള്‍. ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായ പോണി വര്‍മയുമായി 2010ലാണ് പ്രകാശ് രാജ് വിവാഹിതനാകുന്നത്.