Sorry, you need to enable JavaScript to visit this website.

ആയിരക്കണക്കിന് അമേരിക്കക്കാരെ തീവ്രവാദികള്‍ക്ക് വിട്ടുകൊടുത്തു; ബൈഡനെതിരെ ആഞ്ഞടിച്ച് ട്രംപ്

വാഷിങ്ടന്‍- ദുരന്തമായി മാറിയ അഫ്ഗാനില്‍ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റത്തെ ചൊല്ലി പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷപ്രതികരണവുമായി മുന്‍ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ്. ബൈഡന്‍ ആയിരക്കണക്കിന് അമേരിക്കക്കാരെ ഇസ്ലാമിക തീവ്രവാദികള്‍ക്ക് വിട്ടു കൊടുത്തിരിക്കുകയാണെന്നും ഇത് അഫ്ഗാനിലെ യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണെന്നും ട്രംപ് പറഞ്ഞു. സമ്പദ്ഘടന തകര്‍ത്തും ക്രിമിനലുകള്‍ക്കും മയക്കുമരുന്ന് കടത്തുകാര്‍ക്കും നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കും അതിര്‍ത്തികള്‍ പരക്കെ തുറന്നു നല്‍കിയും രാജ്യത്ത് സ്ഥിതിവിശേഷം ദുസ്സഹമാക്കിയിരിക്കുയാണന്നും ട്രംപ് ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും സുരക്ഷിത അതിര്‍ത്തി സൃഷ്ടിച്ചത് താനാണെന്നും ബൈഡന്‍ ഇതുവരെ ചെയ്തത് ഏറ്റവും വലിയൊരു ദുരന്തം വരുത്തിവെക്കുയാണെന്നും ട്രംപ് പറഞ്ഞു. 

അമേരിക്ക അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ച 26000 പേരില്‍ വെറും 4000 പേര്‍ മാത്രമാണ് അമേരിക്കക്കാരെന്ന് ട്രംപ് രണ്ടു ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ആയിരക്കണക്കിന് തീവ്രവാദികളേയാണ് അഫ്ഗാനില്‍ നിന്നെടുത്ത് അയല്‍ രാജ്യങ്ങളിലും ലോകത്ത് പലയിടത്തും വിമാനത്തില്‍ കൊണ്ടുപോയി ഇറക്കിയതെന്നും ആരോപിച്ചിരുന്നു. ഇത് ദുരന്തപൂര്‍ണമായ പരാജയമാണ്, അമേരിക്കയിലേക്കിന് ജോ ബൈഡന്‍ എത്ര തീവ്രവാദികളെ കൊണ്ടുവരുമെന്ന് നമുക്കറിയില്ല- ട്രംപ് ചൊവ്വാഴ്ച പ്രതിരകരിച്ചത് ഇങ്ങനെയായിരുന്നു.
 

Latest News