ന്യൂദല്‍ഹി- കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ രണ്ടു സംസ്ഥാനങ്ങളിലേയും കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പരിശോധനയും വാക്‌സിന്‍ വിതരണവും വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കൂടുതല്‍ വാക്‌സിന്‍ ആവശ്യമെങ്കില്‍ നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. രണ്ടിടങ്ങളിലേയും കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍, പോലീസ് മേധാവിമാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
കേസ് വര്‍ധന തടയാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണ്. കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ ആവശ്യമായ നടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് യോഗം നിരീക്ഷിച്ചതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ നിലവിലെ 3.33 കോവിഡ് രോഗികളില്‍ ഏറിയ പങ്കും കേരളത്തിലും (1.7 ലക്ഷം) മഹാരാഷ്ട്രയിലും (50000) ആണ്. ദിനേന ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതിനും ഈ സംസ്ഥാനങ്ങളിലാണ്.