മുംബൈ-കീറിപ്പോയ കറന്‍സി നോട്ടുകള്‍ എളുപ്പത്തില്‍ മാറി എടുക്കാം. പുതിയ നിര്‍ദേശങ്ങളുമായി ആര്‍ബിഐ. നോട്ട് ഒന്നിലധികം തവണ കീറിയിട്ടുണ്ടെങ്കിലും അവ മാറ്റി എടുക്കാനാകും ഈ കറന്‍സി നോട്ടുകള്‍ കൈമാറാന്‍ ആര്‍ബിഐ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എടിഎമ്മില്‍ നിന്നോ മറ്റോ ലഭിച്ച ചെറിയ കീറലുകള്‍ ഉള്ള നോട്ടും മുഷിഞ്ഞ നോട്ടുകളും ഒക്കെ ബാങ്ക് ശാഖകള്‍ മുഖേന മാറ്റി എടുക്കാം. അച്ചടി പിഴവുകള്‍ പറ്റിയ നോട്ടുകളും ഇങ്ങനെ ബാങ്ക് ശാഖകള്‍ വഴി നേരിട്ട് മാറ്റി എടുക്കാന്‍ ആകും. എന്നാല്‍ ഒന്നിലധികം തവണ കീറിയ നോട്ടുകള്‍ ഇങ്ങനെ മാറ്റി എടുക്കാന്‍ ആകില്ല.
അച്ചടിയില്‍ ഒരു ഭാഗം തെളിയാത്തതോ അല്ലെങ്കില്‍ രണ്ട് വ്യത്യസ്ത ഭാഗങ്ങള്‍ കൂടി ചേര്‍ന്നതോ ആയ നോട്ടുകള്‍ ഇങ്ങനെ മാറ്റിയെടുക്കാം. നാണയങ്ങളും മാറ്റാം.രാജ്യത്തെ എല്ലാ ബാങ്കുകളുടെ ശാഖകളിലും ഈ സേവനങ്ങള്‍ ലഭ്യമാകും, മലിനമായതും വികൃതമായതുമായ നോട്ടുകളും ഇങ്ങനെ കൈമാറാം. അതേസമയം ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ക്കും പേയ്മെന്റ് ബാങ്കുകള്‍ക്കും നോട്ടുകള്‍ കൈമാറാന്‍ അവരുടെ വിവേചനാധികാരം ഉപയോഗിക്കാം.
ഒരു വ്യക്തി നല്കുന്ന നോട്ടുകള്‍ അഞ്ച് കഷണമോ അതിലധികമോ ആയി കീറിയിട്ടുണ്ടെങ്കില്‍, എല്ലാ ബാങ്ക് ശാഖകളിലും മാറ്റാന്‍ ആകില്ല. ചെസ്റ്റ് ബാങ്ക് ശാഖകളില്‍ ഇവ മാറാം. ഇതിനായി റെസീപ്റ്റിനൊപ്പം ചെസ്റ്റ് ബാങ്ക് ശാഖകളില്‍ നോട്ട് സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിവരങ്ങള്‍ ബാങ്ക് ശാഖകളില്‍ നിന്ന് ലഭ്യമാകും. ബാങ്ക് ശാഖകള്‍ മുഖേനയും രസീതിനൊപ്പം അയക്കാനാകുന്ന നോട്ട് 30 ദിവസത്തിനുള്ളില്‍ മാറി കിട്ടും.
നോട്ടുകളുടെ മൂല്യം 5,000 രൂപയില്‍ കൂടില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്കി ഇന്‍ഷ്വര്‍ ചെയ്ത പോസ്റ്റ് വഴി അടുത്തുള്ള കറന്‍സി ചെസ്റ്റ് ബ്രാഞ്ചിലേക്ക് നോട്ടുകള്‍ അയയ്ക്കാം. അക്കൗണ്ട് നമ്പറിനൊപ്പം ശാഖയുടെ പേര്, IFSC, മുതലായ വിവരങ്ങളും നല്‍കണം. നോട്ടിന്റെ മൂല്യം. 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ നോട്ടുകള്‍ കറന്‍സി ചെസ്റ്റ് ബ്രാഞ്ചില്‍ നേരിട്ട് നല്‍കാം. 30 ദിവസത്തിനുള്ളില്‍ മൊത്തം നോട്ടുകളുടെ മൂല്യത്തിന് അനുസരിച്ചുള്ള തുക അക്കൗണ്ടില്‍ എത്തും