ലഖ്നൗ- അന്തരിച്ച യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിന്റെ മൃതദേഹം കിടക്കിയ പേടകം പുതപ്പിച്ച ദേശീയ പതാകയ്ക്കു മേല്‍ ബിജെപിയുടെ പതാക വിരിച്ചതിനെ ചൊല്ലി വിവാദം. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ അന്ത്യോപചാരം അര്‍പ്പിക്കുന്ന ചിത്രത്തിലാണ് ദേശീയ പാതകയ്ക്കു മുകളില്‍ ബിജെപി പതാക വിരച്ചതായി കാണുന്നത്. ഈ ചിത്രം ബിജെപി സമൂഹ മാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് ദേശീയപതാകയോടുള്ള നിന്ദയാണെന്നും ബിജെപി രാജ്യത്തോട് മാപ്പുപറയണമെന്നും പ്രതിപക്ഷം ആരോപിച്ചു.
"ദേശീയ ഗാനം ചൊല്ലുമ്പോള്‍ കൈ ഇടനെഞ്ചോട് ചേര്‍ത്തു വച്ചതിന് നാലു കൊല്ലം കോടതിയില്‍ കേസ് നേരിട്ടയാളാണ് ഞാന്‍. ബിജെപിക്ക് ഈ നിന്ദയെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് രാജ്യത്തിന് അറിയേണ്ടതുണ്ട്"- കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. "ദേശീയ പതാകയ്ക്കു മുകളില്‍ മറ്റൊരു പതാക മൂടാന്‍ പാട്ടില്ല, കഴിഞ്ഞ ദിവസം കണ്ടത് ആശങ്കപ്പെടുത്തുന്നതാണെന്നും അത് ബിജെപിയുടെ സംസ്കാരമാണ് കാണിക്കുന്നതെന്നും" യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. "രാഷ്ട്രത്തിനും മീതെ പാര്‍ട്ടി, ദേശീയ പതാകയ്ക്കു മീതെ ബിജെപി പതാക. പതിവു പോലെ ബിജെപി വീണ്ടും, ഖേദവുമില്ല, ക്ഷമാപണവുമില്ല"- സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു.