മുംബൈ- അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.ജെ.പിയുടെ മഹാരാഷ്ട്രയിലെ പ്രധാന സഖ്യകക്ഷിയായ ശിവസേന വ്യക്തമാക്കി. കഴിഞ്ഞ കുറെ വർഷമായി ഇരുപാർട്ടികളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സഖ്യത്തിൽ വേർപ്പെടാനുള്ള തീരുമാനമാണ് ഇന്നാണ് പ്രഖ്യാപിച്ചത്. ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഈയിടെ ബി.ജെ.പിക്കെതിരെ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. 29 വർഷമായി എൻ.ഡി.എയിലെ സഖ്യകക്ഷിയാണ് ശിവസേന.
ശിവസേന ദേശീയ എക്സിക്യൂട്ടിവിൽ സഞ്ജയ് റാവത്ത് കൊണ്ടുവന്ന പ്രമേയം ഏകകണ്ഠമായാണ് അംഗീകരച്ചത്. മഹാരാഷ്ട്രയിലെ 48 ലോക്സഭ സീറ്റുകളിൽ 25 സീറ്റുകളിലും ജയിക്കാനാകുമെന്നാണ് ശിവസേനയുടെ പ്രതീക്ഷ. 288 നിയമസഭ സീറ്റിലും 150 ലും ജയിക്കാനുള്ള പദ്ധതി തയ്യാറാക്കാനും ശിവസേന തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കടുത്ത വിമർശകരാണ് ശിവസേന. കഴിഞ്ഞ വർഷം മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശിവസേന ഒറ്റക്ക് മത്സരിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. 227 സീറ്റിൽ 84 ഇടത്തും ജയിച്ചത് ശിവസേനയയായിരുന്നു.