മുംബൈ- നിയമങ്ങളും ശിക്ഷാ നടപടികളും കര്‍ക്കശമാക്കിയിട്ടും രാജ്യത്ത് ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും ഉയര്‍ന്ന തോതില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാനമായ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളുമുണ്ട്. ഇതിനിടെ ആണ്‍കുട്ടി ജനിക്കാന്‍ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്തുവന്നു. ആണ്‍കുട്ടി ജനിക്കാന്‍ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചെന്ന് വ്യക്തമാക്കി മുംബൈ സ്വദേശിയായ 40 വയസുകാരിയാണ് പോലീസില്‍ പരാതി നല്‍കിയത്. 2007ലാണ് വിവാഹം നടന്നത്. ചികിത്സയുടെ ഭാഗമായിട്ടാണ് അഭിഭാഷകനായ ഭര്‍ത്താവില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടി വന്നതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ആണ്‍കുട്ടി ജനിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട ചികിത്സകള്‍ക്ക് വിധേയമായി. നിസാര കാര്യങ്ങളില്‍ ഭര്‍ത്താവ് വഴക്ക് ഉണ്ടാക്കുകയും ശരീരികമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ യുവതി വ്യക്തമാക്കുന്നുണ്ട്.
കുടുംബം നിലനിര്‍ത്താന്‍ ആണ്‍കുട്ടി വേണമെന്ന് പറഞ്ഞാണ് ഭര്‍ത്താവില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടി വന്നതെന്ന് യുവതി പരാതിയില്‍ പറയുന്നുണ്ട്. 2009ല്‍ പെണ്‍കുട്ടി ജനിച്ചു. 2011ല്‍ വീണ്ടും ഗര്‍ഭിണിയായതോടെ ഡോക്ടറെ സമീപിച്ച് ഗര്‍ഭച്ഛിദ്രം നടത്തി. ഇപ്പോള്‍ കുട്ടിയെ ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു ഗര്‍ഭച്ഛിദ്രം നടത്തിയത്. ബാങ്കോക്കില്‍ എത്തിച്ച് എട്ട് പ്രാവശ്യം ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുകയും ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തു. ഇതിനിടെ ആണ്‍കുട്ടിക്ക് ജന്മം നല്കി ഇല്ലന്നതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പീഡിപ്പിച്ചുവെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.
ആണ്‍കുട്ടി ജനിക്കാന്‍ മുംബൈ കേന്ദ്രീകരിച്ചുള്ള ആശുപത്രിയിലാണ് ചികിത്സ ആരംഭിച്ചതെന്ന് യുവതി വ്യക്തമാക്കുന്നുണ്ട്. ഹോര്‍മോണല്‍ സ്റ്റിറോയിഡ് മരുന്നുകളാണ് ഇതിനായി കുത്തിവച്ചത്. 1500 ലേറെ പ്രവാശ്യം കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. തന്നോട് അനുവാദം ചോദിക്കാതെയായിരുന്നു ഈ ചികിത്സകള്‍. ചികിത്സകള്‍ക്കൊപ്പം മര്‍ദ്ദനം തുടര്‍ന്നതോടെ ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിലേക്ക് എത്തി. പീഡനം സഹിക്കാനാകാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്കാന് തീരുമാനിച്ചതെന്നും പോലീസിന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള ശേഷിയുള്ള കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇവരുടെ ഭര്‍തൃപിതാവ് റിട്ട. ജഡ്ജിയും മാതാവ് അഭിഭാഷകയുമാണ്. കുടുംബവും സ്വത്തും സംരക്ഷിക്കാന്‍ ആണ്‍കുട്ടിയെ ആവശ്യമാണെന്ന് വ്യക്തമാക്കി വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തില്‍ നിന്നും യുവതിക്ക് സമ്മര്‍ദ്ദം നേരിടേണ്ടിവന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് യുവതിയെ ശാരീരികമായി ആക്രമിക്കാന്‍ ആരംഭിച്ചത്.