പട്‌ന- ബിഹാറില്‍ ആര്‍ജെഡി കുലപതി ലാലു പ്രസാദ് യാദവ് ജയില്‍ മോചിതനായി വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായതോടെ മക്കള്‍ തമ്മിലുള്ള നിഴല്‍ യുദ്ധം വീണ്ടും രൂക്ഷമാകുന്നു. മുന്‍ ഉപമുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവും ലാലുവിന്റെ അഭാവത്തില്‍ പാര്‍ട്ടിയെ നയിക്കുകയും ചെയ്ത തേജസ്വി യാദവും സഹോദരന്‍ തേജ് പ്രതാപുമാണ് ഇടവേളയ്ക്കു ശേഷം വീണ്ടും പോരടി തുടങ്ങിയത്. ആര്‍ജെഡി ബിഹാര്‍ അധ്യക്ഷന്‍ ജഗത നന്ദ സിങിനെതിരെ തേജ് പ്രതാപ് രംഗത്തെത്തിയതാണ് തേജസ്വിയെ ഏറ്റവും ഒടുവില്‍ ചൊടിപ്പിച്ചത്. പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവാണ് ജഗത് നന്ദ. ഇതോടെ തേജസ്വി അല്‍പ്പം കടുപ്പിച്ച് തന്നെ നിലപാട് വ്യക്തമാക്കി. 'തേജ് പ്രതാപ് എന്റെ മൂത്ത സഹോദരന്‍ ആയിരിക്കും പക്ഷെ മുതിര്‍ന്നവരെ ബഹുമാനിക്കാനും രാഷ്ട്രീയത്തില്‍ എതിര്‍പ്പുകളും രോഷപ്രകടനങ്ങളും ഉണ്ടാകുമ്പോഴും അച്ചടക്കം പാലിക്കാനുമാണ് ഞങ്ങളുടെ രക്ഷിതാക്കള്‍ പഠിപ്പിച്ചിട്ടുള്ളത്', തേജസ്വി പറഞ്ഞു.
ആര്‍ജെഡിയില്‍ ഏറെ സ്വാധീനമുള്ള നേതാവ തേജസ്വി ഈയിടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗം അധ്യക്ഷന്‍ ആകാശ് യാദവിനെ സ്ഥാനത്തു നിന്ന് മാറ്റിയതാണ് തേജ് പ്രതാപിനെ ചൊടിപ്പിച്ചത്. ആകാശ് തേജ് പ്രതാപുമായി അടുപ്പമുള്ള യുവനേതാവാണ്. സഹോദരങ്ങള്‍ തമ്മിലുള്ള പോരില്‍ ആകാശ് ഇരയാകുകയായിരുന്നുവെന്നും വാദമുണ്ട്. തന്റെ അഭാവത്തില്‍ പാര്‍ട്ടിയെ നയിക്കുകയും മികച്ച മുന്നേറ്റം നടത്തുകയും ചെയ്ത് കഴിവ് തെളിയിച്ച ഇളയ മകന്‍ തേജസ്വിക്ക് പിതാവ് ലാലുവിന്റെ മൗനാനുവാദമുണ്ടെന്നാണ് പറയപ്പെടുന്നത്.
ജഗത് നന്ദ പാര്‍ട്ടിയെ ഹിറ്റ്‌ലര്‍ സ്റ്റൈലില്‍ നയിക്കുകയാണെന്ന് തേജ് പ്രതാപ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ മൗനംവെടിഞ്ഞ് പ്രതികരിക്കാന്‍ ജഗത് നന്ദയെ തേജസ്വി പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. തേജ് പ്രതാപിന്റെ പ്രസ്താവന വന്നതിനു ശേഷം ജഗദ് നന്ദ പാര്‍ട്ടി ഓഫീസിലേക്ക് വരവ് നിര്‍ത്തി നീരസം പ്രകടിപ്പിച്ചിരുന്നു. എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്ന ലാലുവാകട്ടെ ഒന്നിലും പരസ്യമായി ഇടപെടിട്ടില്ല. മൂത്ത മകന്‍ തേജ് പ്രതാപിനെ പ്രകോപിതനാക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ തേജസ്വിയുടെ എല്ലാ നീക്കങ്ങള്‍ക്കും ലാലു പിന്തുണയും നല്‍കുന്നു.