തൃശൂര്‍-നടനും നിര്‍മാതാവുമായ സണ്ണി വെയ്‌നിന്റെ ജന്മദിനമാണ് ഇന്ന്. സണ്ണിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മഞ്ജുവാര്യര്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'ചതുര്‍മുഖം' എന്ന ചിത്രത്തില്‍ നിന്നും തുടങ്ങിയ പരിചയം ഇരുവര്‍ക്കുമിടയില്‍ നല്ലൊരു സൗഹൃദമായി വളരുകയായിരുന്നു.''ഒരുപാട് നാളായി അടുത്തറിയാവുന്ന വ്യക്തിയെന്നതല്ല സൗഹൃദം. നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന്, ഞാന്‍ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്യുന്ന? ആളാണ് ചങ്ങാതി. ജന്മദിനാശംസകള്‍ പ്രിയപ്പെട്ടവനെ,'' മഞ്ജു കുറിക്കുന്നു.മുന്‍പും സണ്ണിയുമായുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജുവാര്യര്‍ അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്.
യുവനടി അഹാന കൃഷ്ണയും സണ്ണിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകം നിങ്ങളെ കാണാന്‍ പോവുന്നതേയുള്ളൂ ചങ്ങാതി എന്നാണ് സണ്ണിയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് അഹാന കുറിക്കുന്നത്. ''ജന്മദിനാശംസകള്‍ സണ്ണി. ഈ വര്‍ഷം നിങ്ങള്‍ അവിശ്വസനീയമായ ചില കാര്യങ്ങള്‍ ചെയ്തു, അവയില്‍ ഭൂരിഭാഗവും ലോകം ഇതുവരെ കണ്ടിട്ടില്ല. നിങ്ങള്‍ അശ്രാന്തമായി പ്രവര്‍ത്തിച്ച കാര്യങ്ങളുടെ സന്തോഷവും വിജയവും നിങ്ങളെ തേടിയെത്തുന്ന ദിവസങ്ങള്‍ക്കായി കാത്തിരിക്കാനാവില്ല. നിങ്ങള്‍ക്കായി സന്തോഷം, വിജയം, മനസ്സമാധാനം, നല്ല ഉറക്കം, ചിരി, ഒരുപാട് സ്‌നേഹം എന്നിവ നേരുന്നു. ജന്മദിനാശംസകള്‍ എന്റെ സുഹൃത്തേ,'' അഹാനയുടെ ജന്മദിനാശംസ ഇങ്ങനെ.
''എല്ലാ സപ്പോര്‍ട്ടിനും എന്റെ ചങ്ങാതിയ്ക്ക് നന്ദി,'' അഹാനയുടെ പോസ്റ്റിന് സണ്ണിയുടെ മറുപടി ഇങ്ങനെ. ദുല്‍ഖര്‍ സല്‍മാന് ഒപ്പം 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി വെയ്‌നിന്റെയും അരങ്ങേറ്റം. ആദ്യചിത്രം മുതലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നവരാണ് ഇരുവരും. ദുല്‍ഖറിന് സണ്ണി വെയ്ന്‍ സണ്ണിച്ചനാണ്. സിനിമകളുടെ തിരിക്കിനിടയിലും പരസ്പരമുള്ള സൗഹൃദം പങ്കിടാന്‍ സമയം കണ്ടെത്താറുള്ള സുഹൃത്തുക്കളാണ് ഇരുവരും. ചതുര്‍മുഖം, അനുഗ്രഹീതന്‍ ആന്റണി' എന്നിവയായിരുന്നു അടുത്തിടെ റിലീസിനെത്തിയ സണ്ണി വെയ്‌നിന്റെ ചിത്രങ്ങള്‍. ഇരുചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.