ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ വീണ് താലിബാന്‍ നിയന്ത്രണമേറ്റെടുത്തതോടെ അടച്ചുപൂട്ടിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസുകളില്‍ താലിബാന്‍ അംഗങ്ങള്‍ തിരച്ചില്‍ നടത്തി. കാണ്ഡഹാറിലേയും ഹെറാത്തിലേയും കോണ്‍സുലേറ്റുകളിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നു പല രേഖകളും പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ഭീകരര്‍ കൊണ്ടുപോയതായി റിപോര്‍ട്ടുകള്‍ പറയുന്നു. കാബൂളിലെ എംബസിക്കു പുറമെ അഫ്ഗാനില്‍ നാല് കോണ്‍സുലേറ്റുകളാണ് ഇന്ത്യയ്ക്കുള്ളത്. മസാറെ ശരീഫിലാണ് മറ്റൊന്ന്.
താലിബാന്‍ അഫ്ഗാന്‍ നിയന്ത്രണം പിടിച്ചെടുത്തതോടെ എല്ലാ നയതന്ത്ര കാര്യാലയങ്ങളും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. ജീവനക്കാരെ ഇന്ത്യ സൈനിക വിമാനത്തില്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ഏതാനും ഇന്ത്യക്കാര്‍ കൂടി ഇപ്പോഴും അഫ്ഗാനില്‍ ഉണ്ട്. ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. മൂന്ന് ദിവസങ്ങളിലായി ഇരുനൂറോളം ഇന്ത്യന്‍ ഉദ്യോഗസ്ഥരേയാണ് തിരിച്ചെത്തിച്ചത്.