ന്യൂയോര്‍ക്ക്- അഫ്ഗാനിസ്ഥാനില്‍ യുഎസിനെ സഹായിച്ചവര്‍ക്കായുള്ള തിരച്ചില്‍ താലിബാന്‍ ഭീകരര്‍ ശക്തിപ്പെടുത്തിയതായി യുഎന്‍. വീടുകള്‍ തോറും കയറിയിറങ്ങിയാണ് താലിബാന്‍ യുഎസിനെ പിന്തുണച്ചവരെ പിടികൂടുന്നതെന്നും ഇത് രാജ്യത്ത് കൂടുതല്‍ ഭയം സൃഷ്ടിച്ചിട്ടുണ്ടെന്നും യുഎന്‍ ഇന്റലിജന്‍സ് രേഖ പറയുന്നു. അഫ്ഗാന്‍ ഭരണ നിയന്ത്രണം പിടിച്ചെടുത്തതിനു പിന്നാലെ എല്ലാവര്‍ക്കും പൂര്‍ണമായും പൊതുമാപ്പ് നല്‍കുമെന്നും നിലപാടുകളില്‍ മാറ്റമുണ്ടാകുമെന്നുമുള്ള താലിബാന്റെ പ്രഖ്യാപനം ഒരു പ്രതിച്ഛായ മിനുക്കല്‍ തന്ത്രം മാത്രമായിരുന്നു എന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്. സ്ത്രീകള്‍ക്കും അവകാശങ്ങള്‍ വകവച്ചു നല്‍കുമെന്നും താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും രാജ്യം വിടാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതും വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നതും യുഎന്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന ഭയം കാരണമാകാം. യുഎസ്, നാറ്റോ സൈനികര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നവരെ തിരഞ്ഞുപിടിച്ച് പിടികൂടാനാണ് താലിബാന്‍ ഭീകരര്‍ വീടുകള്‍ തോറും കയറിയിറങ്ങി പരിശോധന നടത്തുന്നത്. കാബൂളിള്‍ വിമാനത്താവളത്തിലേക്കുള്ള വഴികളിലും താലിബാന്‍ ആളുകളെ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുന്നതായും റിപോര്‍ട്ടിലുണ്ട്. നോര്‍വീജിയന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അനാലിസിസ് ആണ് ഈ റിപോര്‍ട്ട് തയാറാക്കി യുഎന്നിനു നല്‍കിയത്. തങ്ങളെ അംഗീകരിക്കാത്ത കുടുംബങ്ങളെ കണ്ടെത്തി അവരെ ശരീഅ നിയമപ്രകാരം ശിക്ഷിക്കുകയാണ് താലിബാന്‍ ചെയ്യുന്നതെന്ന് ഈ സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ നെല്‍മാന്‍ പറയുന്നു.