Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സെൻസെക്‌സും  നിഫ്റ്റിയും  കുതിപ്പിൽ

ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ ഏഴാം വാരത്തിലും തിളങ്ങി. 2012 ന് ശേഷം സെൻസെക്‌സും നിഫ്റ്റിയും ഇത്തരം ഒരു കുതിപ്പ് കാഴ്ച്ചവെക്കുന്നത് ആദ്യം. ബോംബെ സൂചിക 919 പോയിന്റും നിഫ്റ്റി 214 പോയിന്റും കഴിഞ്ഞവാരം കയറി. വിപണിയിൽ അലയടിച്ച ബുൾ തരംഗം കണ്ട് വിദേശ ഫണ്ടുകൾ ബ്ലൂചിപ്പ് ഓഹരികളിൽ പിടിമുറുക്കി. പ്രമുഖ ഇൻഡക്‌സുകൾ രണ്ട് ശതമാനം ഉയർന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനത്തിന് അവസരം ഒരുക്കിയത് ബാങ്കിങ്, ഐ റ്റി ഓഹരികളിലെ നിക്ഷേപ താൽപര്യമാണ്. 
കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള തിളക്കമാർന്ന ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളും ജി എസ് റ്റി-കൗൺസിൽ 29 ചരക്കുകളുടെയും 54 വിഭാഗങ്ങളിൽ സേവനങ്ങളും നികുതി ഇളവ് പ്രഖ്യാപിച്ചത് വിപണിക്ക് അനുകൂലമായി. വിദേശ ഫണ്ടുകൾ 4234 കോടി രൂപയുടെ ഓഹരി വാങ്ങി. സാമ്പത്തിക രംഗത്തെ ഉണർവും കോർപ്പറേറ്റ് മേഖലയിലെ മുന്നേറ്റവും കണ്ട് വിദേശ നിക്ഷേപകർ ഈ മാസം ഇതിനകം 8700 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ സൂചികയിലെ ഉണർവിനിടയിൽ ലാഭമെടുപ്പിന് മുൻ തുക്കം നൽകിയ ഏകദേശം 698.65 കോടി രൂപയുടെ ഓഹരികൾ വിറ്റു.  
സെൻസെക്‌സ് 34,687 ൽ നിന്നുള്ള മുന്നേറ്റത്തിൽ മുൻ റെക്കോർഡ് തകർത്ത് 35,542 വരെ കുതിച്ചു. വാരാന്ത്യം സെൻസെക്‌സ് 35,511 പോയിന്റിലാണ്. ഈ വാരം ആദ്യ പ്രതിരോധം 35,806 ലാണ്. ഡെറിവേറ്റീവ് മാർക്കറ്റ് ഈ വർഷത്തെ ആദ്യസെറ്റിമെന്റിന് ഒരുങ്ങുകയാണ്. ആദ്യ പ്രതിരോധം തകർത്താൽ സൂചിക 36,101 നെ ലക്ഷ്യമാക്കും. ഈ തടസം ഭേദിക്കാനായാൽ ബജറ്റ് വേളയിൽ സൂചിക 36,661 റേഞ്ചിലേയ്ക്ക് നീങ്ങാം. എന്നാൽ തിരിച്ചടി നേരിട്ടാൽ 34,951-34,391 ൽ സപ്പോർട്ടുണ്ട്.
നിഫ്റ്റി സൂചിക 10,660 ൽ നിന്ന് വെള്ളിയാഴ്ച്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 10,906 വരെ കയറി. മുൻവാരം സുചിപ്പിച്ച പ്രതിരോധങ്ങൾ തകർത്ത് എൻ എസ് ഇ വാരാന്ത്യം 10,895 ലാണ്. വ്യാഴാഴ്ച്ച ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസിൽ സെറ്റിൽമെന്റ് വേളയിൽ സൂചിക 10,734 ലെ സപ്പോർട്ട് നിലനിർത്തിയാൽ 10,980-11,066 ലേയ്ക്കും തുടർന്ന് ഫെബ്രുവരിൽ 11,226 പോയിന്റിലേയ്ക്കും ഉയരാനുള്ള കരുത്ത് സൂചികയ്ക്ക് കണ്ടെത്താനാവും. അതേ സമയം ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ സൂചിക 10,574-10,488 റേഞ്ചിലേയ്ക്ക് സാങ്കേതിക പരീക്ഷണം നടത്താം. 
മുൻ നിര ഓഹരിയായ ഐ സി ഐ സി ഐ യുടെ നിരക്ക് 11 ശതമാനം വർധിച്ച് 353 രൂപയായി. എച്ച് ഡി എഫ് സി എട്ട് ശതമാനം മികവിൽ 1900 ലേയ്ക്ക് കയറി. റ്റി സി എസ് ആറ് ശതമാനം മികവുമായി 2954 രൂപയിലും ഇൻഫോസീസ് ആറ് ശതമാനം ഉയർന്ന് 1143 രൂപയിലുമാണ്. അതേ സമയം കോൾ ഇന്ത്യാ ഓഹരി വില എട്ട് ശതമാനം കുറഞ്ഞ് 284 രൂപയായി. ടാറ്റാ മോട്ടേഴ്‌സ്, ഒ എൻ ജി സി, ഹീറോ മോട്ടോർകോർപ്പ് തുടങ്ങിയവയുടെ നിരക്ക് താഴ്ന്നു.  
മുൻ നിരയിലെ പത്ത് കമ്പനികളിൽ ആറിന്റെയും വിപണി മൂല്യം ഉയർന്ന് 1,07,370.4 കോടി രൂപയിലെത്തി. റ്റി സി എസ്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഇൻഫോസീസ്, ഐ റ്റി സി, എസ് ബി ഐ എന്നിവയുടെ വിപണി മുല്യം വർധിച്ചു. അതേ സമയം ആർ ഐ എൽ, ഒ എൻ ജി സി, മാരുതി സുസുക്കി എന്നിവയ്ക്ക് തിരിച്ചടി. 
ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യത്തിൽ 22 പൈസയുടെ ഇടിവ് നേരിട്ടു. 63.63 ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച രൂപ വാരാവസാനം ഡോളറിന് മുന്നിൽ 63.85 ലാണ്. ഏഷ്യൻ ഓഹരി വിപണികളെല്ലാം തിളക്കമാർന്ന പ്രകടനത്തിലാണ്. യൂറോപ്യൻ ഓഹരി ഇൻഡക്‌സുകളും കുതിച്ചു ചാടി. അമേരിക്കയിൽ നാസ്ഡാക്, എസ് ആന്റ പി ഇൻഡക്‌സുകൾ സർവകാല റെക്കാർഡിലാണ്. 

 

Latest News