ബെയ്ജിങ്- പുതിയ സര്‍ക്കാരിനു കീഴിലേക്കു മാറുന്ന അഫ്ഗാനിസ്ഥാന് ലോകം സഹായവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കണമെന്നും ആ രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ചൈന. അഫ്ഗാനിലെ സാഹചര്യങ്ങള്‍ അസ്ഥിരവും അനിശ്ചത്വം നിറഞ്ഞതുമാണെന്നും അന്താരാഷട്ര സമൂഹം പിന്തുണയ്ക്കണമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യീ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. അഫ്ഗാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതിന് പകരം അവരെ ശരിയായ ദിശയിലേക്ക് നയിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രാലം പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാന്റെ സ്വാതന്ത്ര്യത്തേയും അവിടുത്തെ ജനങ്ങളുടെ തീരുമാനങ്ങളേയും അന്താരാഷ്ട്ര സമൂഹം മാനിക്കണമെന്നും അഫ്ഗാനെ രാഷ്ട്രീയ യുദ്ധക്കളമാക്കി ഉപയോഗിക്കരുതെന്നും വാങ് പറഞ്ഞു.
യുഎസ് പിന്തുണയുള്ള സര്‍ക്കാരിനെ വീഴ്ത്തി അഫ്ഗാനില്‍ ഭരണ നിയന്ത്രണം പിടിച്ചെടുത്ത താലിബാനെ ചൈന ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും താലിബാനുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. താലിബാന്‍ സ്ഥാപകനും രാഷ്ട്രീയകാര്യ തലവനുമായ മുല്ലാ ബറാദറുമായി ചൈനീസ് വിദേശകാര്യ മന്ത്രി വടക്കന്‍ ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ വാങ് യീ കഴിഞ്ഞ മാസം ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാനില്‍ സമാധാനം സ്ഥാപിക്കുന്നതിലും രാജ്യത്തെ പുനര്‍നിര്‍മിക്കുന്നതിലും താലിബാന് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നായിരുന്നു ഈ കുൂടിക്കാഴ്ചയ്ക്കു ശേഷം ചൈന പറഞ്ഞത്.