കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ ഭീകരര്‍ക്കെതിരെ രണ്ടു നഗരങ്ങളില്‍ തുടങ്ങിയ പ്രതിഷേധം തലസ്ഥാനമായ കാബൂളിലേക്കും പടരുന്നു. അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 19 വ്യാഴാഴ്ച നിരവധി പേരാണ് അഫ്ഗാന്‍ പതാകയേന്തി താലിബാനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്. ഇവര്‍ക്കു നേരെ താലിബാന്‍ വെടിവെക്കുകയും അടിച്ചോടിക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപത്തും പ്രതിഷേധം അരങ്ങേറി. കിഴക്കന്‍ നഗരമായ അസദാബാദില്‍ അഫ്ഗാന്‍ പതാകയേന്തി പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കു നേരെ താലിബാന്‍ വെടിവെക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. സമരത്തെ ശക്തമായാണ് താലിബാന്‍ നേരിട്ടത്. പ്രതിഷേധം നടന്ന ഖോസ്ത് പട്ടണത്തില്‍ താലിബാന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സമരക്കാര്‍ക്കു നേരെ താലിബാന്‍ നടത്തിയ വെടിവെപ്പിലും അടിച്ചമര്‍ത്തലിലും എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നോ എത്ര പേര്‍ക്ക് പിക്കേറ്റുവെന്നോ വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. താലിബാന്‍ ആക്രമണത്തനിടെ നിരവധി പേര്‍ തിക്കിലും തിരിക്കിലും പെട്ടിട്ടുണ്ട്.
അതിവേഗം അഫ്ഗാന്‍ സേനയെ കീഴ്‌പ്പെടുത്തി ഭരണ നിയന്ത്രണം പിടിച്ചെടുത്തെങ്കിലും ഭരണ സംവിധാനം തിരിച്ചുകൊണ്ടുവരാന്‍ താലിബാന്‍ പ്രയാസം നേരിടുമെന്നാണ് സൂചന. സുപ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമെല്ലാം പ്രതികാര നടപടി ഭയന്ന് വീട്ടിലും മറ്റും ഒളിഞ്ഞിരിക്കുകയാണ്. താലിബാന്‍ പൊതുമാപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇതാണ് സ്ഥിതിയെന്നാണ് റിപോര്‍ട്ട്. വൈദ്യുതി വിതരണം, കുടിവെള്ളം തുടങ്ങിയവയുടെ വിതരണമെല്ലാം വരും ദിവസങ്ങളില്‍ താളം തെറ്റിയേക്കും. താലിബാന് സൈനിക നേതൃത്വം ഉണ്ടെങ്കിലും രാജ്യത്തെ പോലീസ് സേവനം പ്രവര്‍ത്തന രഹിതമാണിപ്പോള്‍. താലിബാന്‍ ഭീകരരാണ് ഇപ്പോള്‍ ചെക്ക്‌പോയിന്റുകളിലും മറ്റു പട്രോളിങ് നടത്തുന്നത്.
അതിനിടെ യുഎസ്, നാറ്റോ സേനകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചകവര്‍ക്കു വേണ്ടി താലിബാന്‍ ഭീകരര്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കാബൂള്‍ വിമാനത്താവള പരിസരത്ത് നാടുവിടാന്‍ കാത്തുനില്‍ക്കുന്ന ജനക്കൂട്ടത്തില്‍ നിന്നു പോലും ഇവരെ താലിബാന്‍ തിരഞ്ഞ് പിടിക്കുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താനായില്ലെങ്കില്‍ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്യുമെന്ന് ഭീഷണിയും മുഴക്കിയതായും യുഎന്‍ രഹസ്യ രേഖ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.