ഗുവാഹത്തി- പാക്കിസ്ഥാനെ ഒരു ശത്രുരാജ്യമായി കാണുന്നത് ഇന്ത്യ അവസാപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ സമീപനമല്ല പാക്കിസ്ഥാന് ഇന്ത്യയോടുള്ളതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്.
പാക്കിസ്ഥാനും ബംഗ്ലാദേശും ഭിന്നിച്ചു പോയത് ഹിന്ദുത്വത്തെ അംഗീകരിക്കാത്തത് കൊണ്ടാണ്. വൈവിധ്യങ്ങളുണ്ടായിട്ടും ഇന്ത്യയെ ഒന്നാക്കിയത് ഹിന്ദുത്വമാണെന്നും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അദ്ദേഹം പറഞ്ഞു. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'മോഹന്‍ജൊദാരോ, ഹാരപ്പ നാഗരികതകളുടെ ശേഷിപ്പുകള്‍ ഇപ്പോള്‍ പാക്കിസ്ഥാനിലാണ്. അവ ഭാരതത്തിന്റെ ഭാഗമാണ്. ഇത് പാക്കിസ്ഥാന്‍ അംഗീകരിക്കില്ല. ഹിന്ദുത്വത്തെ അംഗീകരിക്കാത്തത് കൊണ്ടാണ് അവര്‍ വേറെ രാജ്യമായത്. ബംഗ്ല സംസാരിക്കുന്നവരായിട്ടും ബംഗ്ലാദേശ് മറ്റൊരു രാജ്യമായതും ഹിന്ദുത്വത്തെ അംഗീകരിക്കാത്തതു കൊണ്ടാണ്. ഭാഷകളും മതങ്ങളും ജീവിത രീതികളും ആചാരങ്ങളും വൈവിധ്യമായിട്ടും ഇന്ത്യ ഒറ്റക്കെട്ടായത് ഹിന്ദുത്വത്തെ അംഗീകരിക്കുന്നത് കൊണ്ടാണ്- അദ്ദേഹം പറഞ്ഞു.
അസമിലെ ബ്രഹ്മപുത്ര താഴ്വര, നാഗാലാന്‍ഡ്, മേഘാലയ എന്നീ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന നോര്‍ത്ത് അസം മേഖല ആര്‍.എസ്.എസ് ആണ് പരിപാടി സംഘടിപ്പിച്ചത്. ഇത് ആര്‍.എസ്.എസിന്റെ ശക്തിപ്രകടനമല്ലെന്നും ഇന്ത്യയുടെ സത്ത ഹിന്ദുത്വമാണെന്ന് കാണിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. നാഗാലാന്‍ഡിലും മേഘാലയയിലും ത്രിപുരയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആര്‍.എസ്.എസ് പരിപാടി.