വാഷിങ്ടന്‍- താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനില്‍ നിന്ന് യുഎസ് സൈനികരെ കൊണ്ടു പോകാന്‍ ഉപയോഗിച്ച സി-17 സൈനിക വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ അഫ്ഗാന്‍ പൗരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വാഷിങ്ടന്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. ഖത്തറിലെ അൽ ഉദൈദ് വ്യോമസേനാ താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് ഇതു കണ്ടെത്തിയത്. ഇതുകാരണം വിമാനത്തിന്റെ ലാൻഡിങ് ഗിയർ പ്രവര്‍ത്തിക്കുന്നതില്‍ അല്‍പ്പ സമയത്തേക്ക് തടസ്സം നേരിട്ടു. സംഭവം യുഎസ് അന്വേഷിക്കുന്നുണ്ട്. ഇക്കാര്യം യുഎസ് വ്യോമ സേനയും സ്ഥിരീകരിച്ചു.
കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന കൂറ്റൻ സൈനിക വിമാനത്തില്‍ അഫ്ഗാനികള്‍ അള്ളിപ്പിടിച്ച് കയറാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പറന്നുയര്‍ന്ന് വിമാനത്തില്‍ നിന്ന് മൂന്ന് പേര്‍ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ഏഴു പേരാണ് ഇങ്ങനെ വീണു മരിച്ചതെന്നും യുഎസ് വ്യോമ സേന സ്ഥിരീകരിച്ചു. പറന്നുയരുമ്പോള്‍ ഉള്ളിലേക്ക് വലിയുകയും ലാന്‍ഡിങ് സമയത്ത് പുറത്തേക്ക് വരികയും ചെയ്യുന്ന ചക്ര സംവിധാനമാണ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍. ഇതില്‍ അള്ളിപ്പിടിച്ചിരിക്കുന്നവര്‍ വിമാനം പറന്നുയരുമ്പോള്‍ താഴേക്കു പതിക്കാനോ ഉള്ളില്‍ ഞെരിഞ്ഞമരാനോ സാധ്യത ഏറെയാണ്.