സാന്‍ഫ്രാന്‍സിസ്‌കോ- താലിബാനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് വിലക്കേര്‍പ്പെടുത്തി. താലിബാനുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കവും നീക്കം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. വര്‍ഷങ്ങളായി താലിബാന്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് അവരുടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. താലിബാനുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും അഫ്ഗാന്‍ വിദഗ്ധരായ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.
അപകടകരമായ സംഘടനകളെ വിലക്കുന്ന തങ്ങളുടെ നയം അനുസരിച്ചാണ് താലിബാന് വിലക്കേര്‍പ്പെടുത്തിയതെന്ന് ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. താലിബാന്‍ യുഎസ് നിയമ പ്രകാരം ഭീകര സംഘടനാ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.