കാബൂള്‍- താലിബാന്‍ ഭീകരര്‍ കാബൂള്‍ പിടിച്ചടക്കിയതിനു പിന്നാലെ നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി നാലു കാറുകളിലും ഒരു ഹെലികോപ്റ്ററിലും നിറയെ പണം കുത്തിനിറച്ചാണെന്ന് ഞായറാഴ്ച അഫ്ഗാനില്‍ നിന്ന് പുറത്തേക്കു പോയതെന്ന് കാബൂളിലെ റഷ്യയുടെ എംബസി വക്താവ് പറഞ്ഞു. കുത്തിനിറക്കാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ കുറച്ച് പണം റണ്‍വേയില്‍ ഉപേക്ഷിച്ചാണ് അദ്ദേഹം നാടു വിട്ടതെന്നും ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. ദൃക്‌സാക്ഷികള്‍ പറഞ്ഞാണ് ഈ വിവരം അറിഞ്ഞതെന്നും കാബൂളിലെ റഷ്യന്‍ എംബസി വക്താവ് നികിത ഇഷ്‌ചെങ്കോ പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.
കാബൂളിലെ എംബസി അടച്ചു പൂട്ടുന്നില്ലെന്നും താലിബാനുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുമെന്നുമാണ് റഷ്യയുടെ ഔദ്യോഗിക നിലപാട്. അതേസമയം രാജ്യത്തിന്റെ ഭരണാധികാരികളായി ഇപ്പോള്‍ താലിബാനെ അംഗീകരിക്കില്ലെന്നും അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.