ബര്‍ലിന്‍- വാക്‌സിന്‍ കുപ്പി താഴെ വീണ് പൊട്ടിയത് മറച്ചുവെക്കാന്‍ വാക്‌സിനില്‍ ഉപ്പുവെള്ളം ചേര്‍ത്ത് കുത്തിവെച്ച സംഭവത്തില്‍ നഴ്‌സിനെതിരെ അന്വേഷണം. ജര്‍മനിയിലാണ് സംഭവം.
ലോവര്‍ സാക്‌സന്‍ സംസ്ഥാനത്തിലെ നോര്‍ത്ത് സീ തീരത്തിനടുത്തുള്ള ഫ്രീസ്ലാന്റ് ജില്ലയിലെ റോഫ്ഹൗസന്‍ വാക്‌സിനേഷന്‍ സെന്ററിലാണ് സംഭവം. ഫൈസര്‍ വാക്‌സിനും ഉപ്പുവെള്ളവുമായി കലര്‍ത്തി കുത്തിവെപ്പ് നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ 20 നുമിടയില്‍ 8,000 അധികം ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതിലാണ് ക്രമക്കേട്.
8557 പേര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ ഉപ്പുവെള്ളവുമായി ചേര്‍ത്ത് കുത്തിവച്ചതായി സംശയിക്കുന്നു. സംഭവം അറിഞ്ഞയുടന്‍ നഴ്‌സിനെ റെഡ് ക്രോസില്‍നിന്ന് പിരിച്ചുവിട്ടു.
8557 പേര്‍ക്ക് ഇപ്പോള്‍ വീണ്ടും പ്രതിരോധ കുത്തിവെപ്പ് നല്‍കേണ്ടിവന്നു. സഹജോലിക്കാരിക്ക് സംശയം തോന്നിയതിന്റെ പേരില്‍ വാക്‌സിന്‍ ലഭിച്ചവരുടെ രക്തം പരിശോധിച്ചപ്പോഴാണ് സത്യം മനസ്സിലായത്.