ന്യൂദല്‍ഹി- പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി തയാറാക്കിയ രണ്ട് പേജുളള സത്യവാങ്മൂലത്തിലാണ് കേന്ദ്രം പ്രതിപക്ഷ ആരോപണങ്ങളെ തളളിയത്.
ഫോണ്‍ ചോര്‍ച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രം ഒരു വിദഗധ സമിതിയെ നിയോഗിക്കുമെന്നും ഇവര്‍ പ്രശ്നത്തിന്റെ വിവിധ വശങ്ങള് പരിശോധിക്കുമെന്നും സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചു. കേന്ദ്രം നല്കിയ വിവരങ്ങള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
ഹരജിക്കാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഊഹാപോഹങ്ങളുടെ പുറത്താണെന്നും ഇസ്രയേലി ചാര സോഫ്റ്റ്വെയറുമായി സര്‍ക്കാരിന് ബന്ധമൊന്നുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഫോണ്‍ ചോര്‍ന്നതായി കാട്ടി പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരുമാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഗൗരവമേറിയതാണെന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിരുന്നു.