കാബൂള്‍- അഫ്ഗാനിസ്ഥാന് ഭരണ നിയന്ത്രണം താലിബാന് പിടിച്ചെടുത്തതോടെ നാടുവിടാന്‍ വിമാനത്താവളത്തില്‍ ഇരച്ചെത്തിയവരില് അഞ്ചു പേര് കൊല്ലപ്പെട്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നു. ഇവര്‍ വെടിയേറ്റാണോ തിക്കിലും തിരക്കിലും പെട്ടാണോ മരിച്ചതെന്ന് വ്യക്തമല്ല. വിമാനം പിടിക്കാന്‍ റണ്‍വേയിലേക്ക് നൂറുകണക്കിനാളുകള്‍ ഇരച്ചെത്തുകയും തിക്കിയും തിരക്കിയും വിമാനത്തില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കാബൂള്‍ വിമാനത്താവളം യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ആളുകള്‍ റണ്‍വേയിലെക്ക് കയറിയതോടെ യുഎസ് സൈനികര്‍ ആകാശത്തേക്ക് വെടിവച്ചിരുന്നു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായതോടെ ഇപ്പോള്‍ വിമാനത്താവളം പൂര്‍ണമായും സൈനികാവശ്യങ്ങള്‍ക്കു മാത്രമാക്കി. സിവിലയന്‍ വിഭാഗം അടച്ചു. കാബൂള്‍ വിമാനത്താവള പരിസരത്തെ ആകാശ പാതയും അടച്ചു. ഇതോടെ കാബൂളിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിലക്കും.