ആലുവ- ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും ഭാവനയും. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്‌പൊട്ട്, ചെസ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി സൂപ്പർഹിറ്റ് സിനിമകളിൽ ദിലീപും ഭാവനയും ഒന്നിച്ചഭിനയിച്ചു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ, അതിനിടയിൽ എപ്പോഴോ രണ്ട് പേരും തമ്മിൽ തെറ്റിപിരിഞ്ഞു. അതിനുശേഷം ഇരുവരും ഒന്നിച്ച് സിനിമയൊന്നും ചെയ്തിട്ടില്ല. ദിലീപിന്റെ ഭാര്യ മഞ്ജു വാര്യരും ഭാവനയുടെ അടുത്ത സുഹൃത്തായിരുന്നു. ആ ഇടയ്ക്കാണ് ദിലീപും ഭാവനയും തമ്മിൽ അകൽച്ചയിലാകുന്നത്. അതിനു കാരണമായി പറയുന്നത് ഒരു സ്‌റ്റേജ് ഷോയാണ്. ഭാവനയും കാവ്യ മാധവനും ദിലീപും ഈ സ്‌റ്റേജ് ഷോയിൽ പങ്കെടുത്തിരുന്നു. അവിടെ വച്ച് കാവ്യയും ദിലീപും അടുത്തിടപഴകുന്നത് കണ്ട ഭാവന അക്കാര്യം അപ്പോൾ തന്നെ മഞ്ജുവിനെ വിളിച്ചറിയിച്ചു എന്നാണ് ഗോസിപ്പ്. ഇതറിഞ്ഞ ദിലീപ് ഭാവനയോട് ദേഷ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇവിടെ നിന്നാണ് ഇരുവരുടെയും ശത്രുത ആരംഭിക്കുന്നത്. ദിലീപിന് ഭാവനയോട് കടുത്ത ശത്രുതയായെന്നും ഭാവനയ്ക്ക് വന്ന അവസരങ്ങൾ പോലും ദിലീപ് ഇടപെട്ട് ഒഴിവാക്കിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഭാവനയ്ക്ക് വരുന്ന അവസരങ്ങൾ ദിലീപ് ഇടപെട്ട് ഇല്ലാതാക്കിയിരുന്നതായി അന്ന് നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത കസിൻസ് എന്ന സിനിമയിൽ അഭിനയിക്കാൻ ഭാവനയെ തീരുമാനിച്ചതാണ്. എന്നാൽ, പിന്നീട് അവസരം നഷ്ടമായി. കസിൻസ് എന്ന ചിത്രത്തിനായി ഭാവന കരാർ ഒപ്പിട്ടിരുന്നു എന്നാണ് പറയുന്നത്. എന്നാൽ, ദിലീപ് ഇടപെട്ടാണ് പിന്നീട് ഈ സിനിമയിൽ നിന്ന് ഭാവനയെ ഒഴിവാക്കിയതെന്ന് അന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. ദിലീപിനെതിരെ ഭാവന താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാവനയ്ക്ക് മലയാളത്തിൽ പല അവസരങ്ങളും നഷ്ടപ്പെടാനുള്ള കാരണം ദിലീപ് ആണെന്നാണ് അന്നുമുതലുള്ള പ്രധാന ആരോപണം.