ന്യൂദല്‍ഹി- പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും ചര്‍ച്ച നടക്കാത്തത്തില്‍ ആശങ്ക പ്രകടിപ്പിച്ചും വിമര്‍ശിച്ചും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. നിലവിലെ അവസ്ഥ പരിതാപകരമാണ്.
പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങളില്‍ ആവശ്യമായ വ്യക്തതയില്ലെന്നും അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും പൊതുജനങ്ങളുടെ പണം പാഴായിപ്പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമങ്ങളുടെ എല്ലാ വശങ്ങളും പരിശോധിക്കുന്ന ചര്‍ച്ചകളാണ് പാര്‍ലമെന്റില്‍ നടക്കേണ്ടത്. മുന്‍കാലങ്ങളില്‍ പാര്‍മലെന്റില്‍ നിരവധി അഭിഭാഷകരുണ്ടായിരുന്നു. നിയമമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യത്തില്‍ സംഭാവന ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
പാസാക്കുന്ന നിയമങ്ങളില്‍ ആവശ്യമായ കൃത്യതയില്ല. നിയമത്തിന്റെ ഉദ്ദേശ്യംപോലും മനസ്സിലാവുന്നില്ല. അത് പൊതുജനങ്ങളുടെ പണം പാഴാക്കിക്കളയലാണ്. ബുദ്ധിജീവികളും അഭിഭാഷകരും പാര്‍ലമെന്റില്‍ ഇല്ലാതാവുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് ചീഫ് ജസ്റ്റിസ് പറഞ്ഞു.