മുംബൈ- വിവാഹശേഷം ഭര്‍ത്താവ് ബലംപ്രയോഗിച്ച് ലൈംഗിക വേഴ്ച നടത്തിയാല്‍ കുറ്റകരമായി കണക്കാക്കാനാകില്ലെന്ന വിവാദ പരാമര്‍ശവുമായി ബോംബെ ഹൈക്കോടതി. ഭാര്യയുടെ ഇഷ്ടത്തിനു വിരുദ്ധമായി ബലം പ്രയോഗിച്ചുള്ള ലൈംഗിക വേഴ്ച കുറ്റകരമല്ല. ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്നാണ് ബോംബെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജശ്രീ ജെ ഗാരട്ട് പരാമര്‍ശിച്ചത്.ഭര്‍ത്താവ് നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് കാണിച്ച് യുവതി നല്‍കിയ കേസിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവ് നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നായിരുന്നു കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചത്. കഴിഞ്ഞ നവംബര്‍ 22നാണ് യുവതി വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ കുടുംബം തനിക്ക് മേല്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും ഇതിനിടെയാണ് ഭര്‍ത്താവ് സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും പിന്നീട് ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.
ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീധനം ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും യുവതി പരാതിപ്പെട്ടിരുന്നു. എന്നാല്‍, യുവതിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും തങ്ങളെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെന്നും യുവാവിന്റെ കുടുംബാംഗങ്ങള്‍ വാദിച്ചു. ഹര്‍ജി പരിഗണിക്കവേ എത്ര തുകയാണ് യുവതിയോട് സ്ത്രീധനമാവശ്യപ്പെട്ടതെന്ന് വ്യക്തമായിട്ടില്ലെന്നും നിര്‍ബന്ധിത ലൈംഗികബന്ധം കോടതിയില്‍ നിലനില്‍ക്കില്ലെന്നും ജഡ്ജി പറയുകയായിരുന്നു.അതേസമയം, ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ചെയ്തികള്‍ 'വൈവാഹിക ബലാത്സംഗം' ആണെന്നായിരുന്നു കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി വിധിച്ചത്. ഇത് വിവാഹമോചനം അവകാശപ്പെടാനുള്ള കാരണമാണെന്നും കോടതി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ സമാനമായ കേസിലാണ് മുംബൈ ഹൈക്കോടതിയുടെ വ്യത്യസ്തമായ നിരീക്ഷണം.