ന്യൂദൽഹി -ഇരട്ട പദവി വഹിച്ച ദൽഹിയിലെ 20 ആം ആദ്മി പാർട്ടി എം എൽ എമാരെ അയോഗ്യരാക്കണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാർശ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകരിച്ചു. ഇതോടെ ദൽഹിയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. മന്ത്രിമാരുടെ പാർലമെന്ററി സെക്രട്ടറി എന്ന പദവി വഹിച്ച എംഎൽഎമാരാണ് അയോഗ്യരാക്കപ്പെടുക. ഇവർ കുറ്റക്കാരാനാണെന്നു കണ്ടെത്തിയ കമ്മീഷൻ നടപടി എടുക്കാൻ രാഷ്ട്രപതിയോടാവശ്യപ്പെടുകയായിരുന്നു. നിലവിലെ നിയമമനുസരിച്ച് ഇരട്ടപ്പദവി സംബന്ധിച്ച കേസുകളിൽ കമ്മീഷന്റെ ശുപാർശ അംഗീകരിക്കാൻ രാഷ്ട്രപതി ബാധ്യസ്ഥനാണ്.
ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി ഈ നീക്കത്തിൽ തങ്ങളുടെ വാദം കേൾക്കാൻ തയാറാകണമെന്ന അപേക്ഷയുമായി 20 എംഎൽഎമാരും രാഷ്ട്രപതിയെ കാണുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇവരെ കാണുന്നതിനു മുമ്പ് തന്നെ രാഷ്ട്രപതി കമ്മീഷന്റെ ശുപാർശ അംഗീകരിക്കുകയായിരുന്നു.
20 എംഎൽഎമാരുടെ കുറവുണ്ടായാലും ദൽഹിയിലെ ആംആദ്മി സർക്കാരിന് വലിയ പരിക്കേൽക്കില്ല. 70 അംഗസഭയിൽ 66ഉം ആംആദ്മി അംഗങ്ങളാണ്. ഇവരിർ 20 പേരാണ് അയോഗ്യരാക്കപ്പെട്ടാലും മാന്ത്രിക സംഖ്യയായ 35ലേറെ സീറ്റുകൾ എഎപിക്ക് ഉണ്ട്.
അയോഗ്യരാക്കിയ കമ്മീഷൻ നടപടിക്കെതിരെ എംഎൽഎമാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല സ്‌റ്റേ ലഭിച്ചില്ല. 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായ നിയമിച്ച സർക്കാർ നടപടി നേരത്തെ ദൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനങ്ങൾക്ക് ദൽഹിയുടെ ഭരണതലവനായ ലഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഹൈക്കോടതി റദ്ദാക്കിയ നിയമനത്തെ ചൊല്ലിയാണ് കമ്മീഷന്റെ നടപടി. ഇത് രാഷ്ട്രീയ പകപോക്കലാണെന്നാണ് ആം ആദ്മിയുടെ പ്രതിരകരണം.