മുംബൈ- ദുരഭിമാന കൊല നടത്തിയ കേസിൽ ആറു പേർക്ക് നാസിക് കോടതി വധശിക്ഷ വിധിച്ചു. അഞ്ചു കൊല്ലം മുമ്പ് മൂന്ന് ദളിത് യുവാക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് നാസിക് ജില്ലാ കോടതി മരണ ശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ പതിനഞ്ചിന് നാസിക് ജില്ലാ കോടതി ജഡ്ജി രജേന്ദ്രകുമാർ ആർ വൈഷ്ണവ് പ്രതികളെ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. ഇന്നലെയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. കേസിൽ അറസ്റ്റിലായ ഏഴിൽ ആറുപേർക്കും വധശിക്ഷ നൽകി.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇരുപതിനായിരം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
പോപാത് വി ഡർണാഡലെ, ഗണേഷ് പി ഡർണാഡലെ, പ്രകാശ് വി ഡർണാഡലെ, രമേശ് വി ഡർണാഡലെ, അശോക് എസ് നാവ്ഗിറെ, സന്ദീപ് എൻ കുറേ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. 2013 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
താഴ്ന്ന ജാതിയിൽ പെട്ട സച്ചിൻ എസ് ഗുരുവടക്കം മൂന്നു പേരെയാണ് സംഘം കൊലപ്പെടുത്തിയത്. 24 കാരനായ സച്ചിൻ സൊനായ് ഗ്രാമത്തിലുള്ള മേൽജാതിയായ മറാത്ത സമുദായത്തിലെ പെൺകുട്ടിയുമായി പ്രേമത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. ഇതറിഞ്ഞ പെൺകുട്ടിയുടെ കുടുംബമാണ് സച്ചിനെയും അദ്ദേഹത്തിന്റെ രണ്ടു കൂട്ടുകാരെയും കൊലപ്പെടുത്തിയത്. സന്ദീപ് തൻവാർ (25), രാഹുൽ കാന്ദറെ (20) എന്നിവരാണ് കൊല്ലപ്പെട്ട കൂട്ടുകാർ. മേഹ്താർ സമുദായത്തിൽ പെട്ടവരായിരുന്നു കൊല്ലപ്പെട്ട മൂന്നു പേരും. ത്രിമൂർതി പവൻ പ്രദിഷ്ഠാൻ ഹൈസ്‌കൂളിലെ ശുചീകരണ തൊഴിലാളികളായിരുന്നു ഇവർ. ഈ സ്‌കൂളിലെ വിദ്യാർഥിനിയെയാണ് സച്ചിൻ പ്രണയിച്ചത്. ഇതറിഞ്ഞ കുടുംബം 2013 ലെ പുതുവത്സര ദിവസം മൂന്നുപേരെയും വീട്ടിലെ സെപ്റ്റിക് ടാങ്ക് നന്നാക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. ആദ്യം സച്ചിനെയാണ് കുടുംബം വകവരുത്തിയത്. തല വെട്ടിമാറ്റുകയും അവയവങ്ങൾ ഛേദിക്കുകയും ചെയ്തു. കഷ്ണങ്ങളാക്കി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. തുടർന്നാണ് തൻവാറിനെയും കാന്ദറയെയും മൺവെട്ടി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം ഗ്രാമത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
മൂന്നു പേരെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഞെട്ടിക്കുന്ന വിവരം പുറംലോകത്തെ അറിയിച്ചു.
കേസിൽ മൊത്തം 54 പേരെ വിസ്തരിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടായിരുന്നില്ല. എങ്കിലും സഹചര്യ തെളിവുകളിലൂടെയാണ് ശക്തമായ ശിക്ഷ ഉറപ്പിച്ചത്. മഹാരാഷ്ട്രയിലെ പ്രമാദമായ ദുരഭിമാന കൊലകളിൽ ഒന്നായിരുന്നു ഇത്.
പെൺകുട്ടിയുടെ പിതാവ് പോപാത് വി ഡർണാഡലെയും സഹോദരങ്ങളും അടുത്ത ബന്ധുക്കളുമാണ് കേസിലെ പ്രതികൾ. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളുനുസരിച്ചാണ് വധശിക്ഷ വിധിച്ചത്. അശോക് ആർ ഫാൽക്കെയെ തെളിവില്ലാത്തതിനെ തുടർന്ന് വിട്ടയച്ചു. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന ആർ.ആർ പാട്ടീലിന്റെ നിർദ്ദേശ പ്രകാരമാണ് കേസ് പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷിച്ചത്.
അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വിധി പ്രഖ്യാപനത്തിന് ശേഷം അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ വികാരങ്ങൾക്ക് ഒരു പരിഗണന പോലും നൽകാതെ അത്യന്തം ഹീനമായ കൃത്യമാണ് പ്രതികൾ നടത്തിയെന്ന് ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം ആളുകൾക്ക് ഈ സമൂഹത്തിൽ ജീവിക്കാൻ ഒരവകാശവുമില്ലെന്നും ഇവരെ മരണം വരെ തൂക്കിക്കൊല്ലുകയല്ലാതെ സമൂഹത്തെ രക്ഷിക്കാൻ മറ്റു മാർഗമില്ലെന്നും ജഡ്ജി വൈഷ്ണവ് വ്യക്തമാക്കി.