കൊച്ചി-കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ മാത്രമേ സിനിമ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുവെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ടെസ്റ്റ് പോസിറ്റിവി നിരക്ക് എട്ട് ശതമാനമെങ്കിലുമായാല്‍ തിയറ്ററുകള്‍ തുറക്കാം. വിനോദ നികുതി ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നവശ്യവുമായി തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് കഴിഞ്ഞ ദിവസം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. മുഴുവന്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. തിയറ്ററുകളെ തല്‍ക്കാലത്തേക്ക് വിനോദ നികുതിയില്‍ നിന്നും ഫിക്‌സഡ് വൈദ്യുതി ചാര്‍ജില്‍ നിന്നും ഒഴിവാക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചിരുന്നു.