ദുബായ്-കോവിഡ് പ്രതിസന്ധിയില്‍ വിമാനയാത്ര മേഖലയിലെ അവസ്ഥ വീഡിയോയിലൂടെ പുറത്തു വിട്ടു മാധവന്‍. അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുബായിലേക്ക് പറക്കവേയാണ് കാഴ്ചകള്‍ മാധവന്‍ പങ്കുവച്ചത് . യാത്രക്കാര്‍ ആരുമില്ലാതെ പൂര്‍ണമായും അനാഥമായി കിടക്കുന്ന വിമാനത്താവളവും വിമാനവുമൊക്കെയാണ് മാധവന്‍ വീഡിയോയിലൂടെ കാണിക്കുന്നത്.
തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ലെന്നും ഈ യാത്രയില്‍ വിമാനത്തിലുള്ള ഏക യാത്രക്കാരന്‍ താന്‍ മാത്രമാണെന്നും മാധവന്‍ പറയുന്നു. 'ഈ കാഴ്ച കണ്ട് ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു. എത്രയും പെട്ടന്ന് ഈ അവസ്ഥക്കൊരു അന്ത്യം വരണമെന്ന് പ്രാര്‍ഥിക്കുന്നു' എന്ന് മാധവന്‍ വീഡിയോക്കൊപ്പം കുറിച്ചു.
ഇന്ത്യയിലെ ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ശേഷമാണ് താരം പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുബായിലേക്ക് പോകുന്നത്. നെറ്റ്ഫഌക്‌സ് സീരിസായ ഡികപ്പിള്‍ഡിന്റെ ഷൂട്ടിംഗില്‍ ആയിരുന്നു താരം. ഡികപ്പിള്‍ഡിന്റെ ഒന്നാം സീസണിന്റെ ഷൂട്ടിംഗ് ആണ് പൂര്‍ത്തിയായത്. നമ്പി നാരായണന്റെ ജീവിതം പ്രമേയമാകുന്ന റോക്കട്രി: ദ നമ്പി ഇഫക്ട് ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മാധവന്‍ ആദ്യമായി സംവിധായകന്‍ ആകുന്ന ചിത്രം കൂടിയാണിത്.