ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം രണ്ടു ദിവസം കൂടി ബാക്കി നില്‍ക്കെ സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പൊതു പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തുള്ള ജനപ്രതിനിധികളെ അനുവദിക്കാത്ത ഒരു സര്‍ക്കാര്‍ രാജ്യത്തിനും ജനാധിപത്യത്തിനും നല്ലതല്ലെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പെഗസസ് ചാരവൃത്തി, വില കയറ്റം, ഇന്ധന വിലവര്‍ധന, കര്‍ഷകരുടെ സമരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലമെന്റ് സമ്മേളന തുടങ്ങിയതു മുതല്‍ ഈ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ലമെന്റ് പ്രവര്‍ത്തനം സുഗമായി നടക്കുന്നു എന്നുറപ്പാക്കേണ്ട സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനിന്ന് തന്നിഷ്ടം കാണിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
ആരാണ് ശരി ആരാണ് തെറ്റ് എന്നോ എന്തൊക്കെ ആവസ്യങ്ങളാണ് ശരി തെറ്റ് എന്നോ നോക്കലല്ല സര്‍ക്കാരിന്റെ ജോലി. സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജനാധിപത്യത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചര്‍ച്ചയുമില്ലാതെ നിമിഷങ്ങള്‍ക്കകം നിരവധി ബില്ലുകള്‍ പാസാക്കിയെടുത്ത് ഈ സര്‍ക്കാര്‍ റെക്കോര്‍ഡിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 19ന് ആരംഭിച്ച സമ്മേളനം ഓഗസ്റ്റ് 13ന് അവസാനിക്കേണ്ടതായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച സര്‍ക്കാര്‍ പൊടുന്നനെ പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിച്ച് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. ലോക്‌സഭ പിരിഞ്ഞതിനു ശേഷം സ്പീക്കര്‍ ഓം ബിര്‍ല വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. മോഡിക്ക് തൊട്ടടുത്തുള്ള സോഫയിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇരിപ്പിടം ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലി ദള്‍ തുടങ്ങിയ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. ഭാവിയില്‍ പാര്‍ലമെന്റ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എല്ലാ പാര്‍ട്ടികളുടേയും പിന്തുണ സ്പീകര്‍ തേടി.