ന്യൂദൽഹി - ബിജെപി അധ്യക്ഷൻ അമിത് ഷായെ സംശയത്തിന്റെ നിഴലിലാക്കിയ ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് പൊതുതാൽപര്യ ഹർജികൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് 2014ൽ സിബിഐ പ്രത്യേക ജഡ്ജി ലോയ ദുരൂഹമായി മരണപ്പെട്ടത്. ലോയയുടെ മരണമന്വേഷിക്കണമെന്ന ഹരജിയാണ് ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത സുപ്രീം കോടതിയിലെ അപ്രതീക്ഷിത പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്ന്. ഇത്തരത്തിലുള്ള സുപ്രധാന കേസുകൾ മുതിർന്നവരല്ലാത്ത ജഡ്ജിമാർക്കു വിടുന്നതിനെതിരായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയ നാലു ജഡ്ജിമാരുടെ നിലപാട്.
ഈ പശ്ചാത്തലത്തിൽ ലോയ കേസ് പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര അടങ്ങുന്ന ബെഞ്ച് പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ പിന്മാറിയിരുന്നു. തുടർന്നാണ് സുപ്രീം കോടതി രജിസ്ട്രി അനുസരിച്ച് കേസ് ചീഫ് ജ്സറ്റിസിന്റെ ബെഞ്ചിലെത്തിയത്. ജസ്റ്റിസുമാരായ എം എം ഖൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നീ മുതിർന്ന ജഡ്ജിമാരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
ഈ കേസ് അനുയോജ്യമായ മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നാലു ദിവസം മുമ്പാണ് ജസ്റ്റിസ് അരുൺ മിശ്രയും എം എം ശാന്തഗൗഡറും ഉൾപ്പെട്ട ബെഞ്ച് പിൻമാറിയത്. പ്ട്ടിക പ്രകാരം കേസ് അനുയോജ്യമായ മറ്റൊരു ബെഞ്ചിലേക്ക് ഈ കേസ് വിടുമെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നെങ്കിലും ഏതു ബെഞ്ചായിരിക്കുമെന്നായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത്.