ലണ്ടന്‍- ലോക ചരിത്രത്തില്‍ ആദ്യമായി ഏകാന്തത അനുഭവിക്കുന്നവരുടെ കാര്യങ്ങള്‍ക്കു മാത്രമായി ഒരു മന്ത്രിയെ ബ്രിട്ടന് നിയോഗിച്ചു. ഏകാന്തത വകുപ്പു മന്ത്രിയായി ട്രേസി ക്രൗചിനെയാണ് നിയമിച്ചത്. കായിക വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മന്ത്രിയാണിവര്‍.
ബ്രിട്ടീഷ് ജനതയില്‍ ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതുതായി ഒരു മന്ത്രിയെ തന്നെ നിയമിച്ചിരിക്കുന്നത്.
ആധുനിക ജീവിതത്തിന്റെ ഖേദകരമായ യാഥാര്‍ത്ഥ്യമെന്നാണ് പ്രഥാനമന്ത്രി തരേസ മേ ഏകാന്തതയെ വിശേഷിപ്പിച്ചത്. മന്ത്രിയെ നിയമിച്ച വാര്‍ത്ത പുറത്തു വന്നെങ്കിലും ഏകാന്തതയെ നേരിടാന്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല.
90 ലക്ഷത്തിലേറെ ബ്രിട്ടീഷുകാര്‍ ഏകാന്തത മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് 2017-ല്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഏകാന്തതയ്ക്കു മാത്രമായി ഒരു മന്ത്രിയെ തന്നെ നിയോഗിക്കാന്‍ പ്രധാനമന്ത്രി തേരസ മേയെ പ്രേരിപ്പിച്ചത്. 60 വയസ്സ് പിന്നിട്ട അഞ്ചു ലക്ഷത്തോളം ബ്രിട്ടീഷുകാര്‍ വലിയ ഏകാന്തത അനുഭവിക്കുന്നവരാണെന്നും ഇവര്‍ ആരോടെങ്കിലും സംസാരിക്കുന്നത് ആഴ്ചയിലൊരിക്കല്‍ മാത്രമാണെന്നുമാണ് കണ്ടെത്തല്‍.
ജീവിത സായാഹ്നത്തില്‍ കടുത്ത ഏകാന്തത അനുഭവിക്കുന്നത് മറവി രോഗം, ഹൃദ്രോഗം, വിഷാദം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായേക്കാം. ഒരു ദിവസം 15 സിഗരറ്റുകള്‍ വലിക്കുന്നതിനു തുല്യമായ ആരോഗ്യ പ്രശ്നങ്ങളാണ് ഏകാന്തമൂലം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാകുകയെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.