അന്താരാഷ്ട്ര കുരുമുളക് വിപണി ബുൾ തരംഗത്തിനുള്ള തയാറെടുപ്പിലാണ്. ആറ് വർഷം നീണ്ട മരവിപ്പിന് ശേഷം പഴയ പ്രതാപം വീണ്ടടുക്കാനുള്ള അണിയറ ഒരുക്കത്തിലാണ് ഉൽപന്നം. ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ ഉൽപാദനത്തിലുണ്ടായ ഇടിവ് ആഗോള വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കും. 2015 ൽ കുരുമുളക് വില ടണ്ണിന് 9976 ഡോളർ വരെ ഉയർന്നിരുന്നു. ആ നിലവാരത്തിൽ നിന്നുള്ള ശക്തമായ സാങ്കേതിക തിരുത്തൽ പിന്നീട് മുളക് വിലയിൽ വൻ തകർച്ച സൃഷ്ടിച്ചു. വിയറ്റ്‌നാമിൽ 2548 ഡോളർ വരെയും ബ്രസീലിൽ 2400 ഡോളർ വരെയും ഇന്തോനേഷ്യയിൽ 2370 ഡോളർ വരെയും നേരത്തെ നിരക്ക് താഴ്ന്നിരുന്നു.
പ്രതിസന്ധിയുടെ വർഷങ്ങൾ കഴിഞ്ഞതിനാൽ മുന്നിലുള്ള വർഷങ്ങളിൽ ഉൽപാദന രാജ്യങ്ങൾ മത്സരിച്ച് വില ഉയർത്തുമെന്ന ആശങ്കയിലാണ് ഇറക്കുമതി രാജ്യങ്ങൾ. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5575 ഡോളറാണ്. മലേഷ്യ 5688 ഡോളറിനും ഇന്തോനേഷ്യ 3860 ഡോളറിനും വിയറ്റ്‌നാമും ബ്രസീലും 3950 ഡോളറിനും മുളക് വാഗ്ദാനം ചെയ്തു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 41,300 രൂപ.
ചിങ്ങം പടിൽവാതിക്കൽ എത്തിയെങ്കിലും നാളികേര കർഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് വെളിച്ചെണ്ണ വിപണി ചൂടുപിടിച്ചില്ല. ഉത്സവ ദിനങ്ങളിൽ നിരക്ക് കുതിച്ചു കയറുമെന്ന കണക്ക് കൂട്ടലിലായിരുന്നു പലരുമെങ്കിലും സാമ്പത്തിക ഞെരുക്കം സ്ഥിതി മാറ്റിമറിക്കുമെന്ന അവസ്ഥയിലാണ്. കർക്കടകം അവസാന വാരത്തിലാണെങ്കിലും ചെറുകിട വിപണികളിൽ വെളിച്ചെണ്ണക്ക് ഡിമാന്റില്ല. കൊച്ചിയിൽ എണ്ണ വില 16,900 ലും കൊപ്ര 10,600 രൂപയിലുമാണ്.
രാജ്യാന്തര റബർ വിലയിൽ തിരിച്ചുവരവിന്റെ സൂചനകൾ കണ്ട് ഇന്ത്യൻ ടയർ വ്യവസായികൾ കൊച്ചി, കോട്ടയം വിപണികളിൽ താൽപര്യം കാണിച്ചു. ബാങ്കോക്കിൽ റബർ 13,780 ലേക്ക് കയറിയതിനിടയിൽ കേരളത്തിൽ നാലാം ഗ്രേഡ് 17,100 ൽ നിന്ന് 17,450 രൂപയായി ഉയർന്നു. കാർഷിക മേഖലയുടെ നീക്കങ്ങൾ വ്യവസായികൾ നിരീക്ഷിക്കുകയാണ്, ഓണാവശ്യങ്ങൾക്ക് വേണ്ട പണം കണ്ടത്താൻ കർഷകരും സ്‌റ്റോക്കിസ്റ്റുകളും ഈ വാരം ചരക്ക് ഇറക്കുമെന്ന നിഗമനത്തിലാണവർ. അഞ്ചാം ഗ്രേഡ് 16,500----16,900 ൽ നിന്ന് 16,800----17,200 ലേയ്ക്ക് ഉയർത്തി.
ലേല കേന്ദ്രങ്ങളിൽ ഏലക്കയുടെ ലഭ്യത ചുരുങ്ങിയിട്ടും നിരക്ക് ഉയർത്താൻ വാങ്ങലുകാർ താൽപര്യം കാണിച്ചില്ല. വ്യാപാര രംഗത്തെ മാന്ദ്യം മറയാക്കി പലരും കുറഞ്ഞ വിലയ്ക്ക് ചരക്ക് കൈപ്പിടിയിൽ ഒതുക്കുകയാണ്. വാരത്തിന്റെ തുടക്കത്തിൽ 1511 രൂപയിൽ നീങ്ങിയ മികച്ചയിനങ്ങൾ പിന്നീട് 1767 വരെ കയറിയെങ്കിലും വാരാന്ത്യം നിരക്ക് 1563 രൂപയിലാണ്. സ്വർണ വില ഇടിഞ്ഞു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 36,000 രൂപയിൽ നിന്ന് ശനിയാഴ്ച 35,080 ലേയ്ക്ക് താഴ്ന്നു. ഗ്രാമിന് വില 4385 രൂപ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രേഖപ്പെടുത്തിയ എക്കലയത്തെയും ഉയർന്ന നിരക്കായ 42,000 രൂപയിൽ നിന്ന് പവന് ഇതിനകം 6920 രൂപ ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ ഒരു ഗ്രാം സ്വർണ വില 5250 രൂപയിലെത്തിയിരുന്നു.
ന്യുയോർക്കിൽ ട്രോയ് ഔൺസിന് 1814 ഡോളറിൽ നിന്ന് 1758 ലേയ്ക്ക് ഇടിഞ്ഞങ്കിലും ക്ലോസിങിൽ 1763 ഡോളറിലാണ്.