കൊച്ചി- ഈശോ സിനിമാവിവാദത്തില്‍ പി.സി ജോര്‍ജ് തല വെട്ടുമെന്നുവരെ പറഞ്ഞുവെന്നും അതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും സംവിധായകന്‍ നാദിര്‍ഷ. സിനിമ കണ്ട് കഴിയുമ്പോള്‍ ഇത്രയും മുറവിളി വേണ്ടായിരുന്നെന്ന് പി.സി. ജോര്‍ജിനു തോന്നുമെന്നും നാദിര്‍ഷ പറഞ്ഞു.
സിനിമയിലൂടെ ആരുടെയും വിശ്വാസത്തെ വൃണപ്പെടുത്താന്‍ ഉദേശിക്കുന്നില്ല. മതം നോക്കിയല്ല സിനിമ ചെയ്യുന്നത്. കൂടെ ജോലി ചെയ്യുന്നവരുടെ ജാതിയോ മതമോ ചോദിക്കാറില്ല. ഒന്നിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് ഞങ്ങള്‍. സിനിമയുടേത് കഥാപാത്രത്തിന്റെ പേര് മാത്രമാണ്. ഞാനല്ല സിനിമയ്ക്ക് പേരിട്ടത്. നിര്‍മാതാക്കളായ ബിനു സെബാസ്റ്റിയന്‍, അരുണ്‍ നാരായണന്‍, നായകന്‍ ജയസൂര്യ, ബോബി വര്‍ഗീസ് തുടങ്ങിയവര്‍ ഒന്നിച്ചിരുന്ന് ഇട്ട പേരാണിത്. ഫെഫ്ക പറഞ്ഞാല്‍ പേര് മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് നാദിര്‍ഷക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്. നാദിര്‍ഷ പ്രശസ്തനായത് തന്നെ ഒരു വൈദികന്റെ ഔദാര്യം കൊണ്ടാണെന്നും ആ അച്ചന്റെ സഭയെയാണ് നാദിര്‍ഷ അവഹേളിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ക്രിസ്ത്യന്‍സഭയോട് വൃത്തിക്കെട്ട രീതിയിലാണ് സിനിമാപ്രവര്‍ത്തകര്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. അത് ഇനിയുണ്ടാവില്ലെന്നും പ്രതിഷേധങ്ങള്‍ക്ക് താന്‍ രംഗത്തിറങ്ങുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.