ജയ്പുര്‍- പഠിക്കുന്നതിനിടെ ബ്ലൂടുത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. രാകേഷ് കുമാര്‍ (28) എന്നയാളാണ് മരിച്ചത്. രാജ്സ്ഥാനിലെ ജയ്പുര്‍ ജില്ലയിലെ ചോമു പട്ടണത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഉദയ് പുരിയ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
മത്സര പരീക്ഷയുമായി ബന്ധപ്പെട്ട് ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് പഠിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടമുണ്ടായതിന് പിന്നാലെ അബോധാവസ്ഥയിലായ രാകേഷിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സിദ്ധിവിനായക് ആശുപത്രിയിലെ ഡോ. എല്‍.എന്‍. റുണ്ഡ്‌ല അറിയിച്ചു.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ രാകേഷിന്റെ രണ്ട് ചെവികള്‍ക്കും ഗുരുതരമായി പരിക്കേറ്റതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇലക്ട്രിക്കല്‍ ഔട്ട്‌ലെറ്റില്‍ കുത്തിവച്ചു കൊണ്ടാണ് രാകേഷ് കുമാര്‍ ഹെഡ്‌ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇതാകാം അപകടകാരണമെന്ന നിഗമനവും ഉയരുന്നുണ്ട്. എന്നാല്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.