അഗര്‍ത്തല- ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെതിരെ വധശ്രമം നടന്നതായി പോലീസ്. മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. തന്റെ ഔദ്യോഗിക വസതിക്കു സമീപം വ്യാഴാഴ്ച സായാഹ്ന നടത്തത്തിനിങ്ങിയ മുഖ്യമന്ത്രിയുടെ സുരക്ഷാ വലയം ഭേദിച്ച് മൂന്ന് പേര്‍ കാറോടിച്ചു കയറ്റി എന്ന് പോലീസ് പറഞ്ഞു. കാര്‍ പാഞ്ഞടുത്തപ്പോള്‍ മുഖ്യമന്ത്രി തൊട്ടപ്പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് നിസ്സാര പരിക്കേറ്റതായും പോലീസ് പറഞ്ഞു. സംഭവം നടന്നയുടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാറിനെ പിന്തുടര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവ ദിവസം രാത്രിയോടെ തന്നെ ഇവരെ പിടികൂടുകയും ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു. മൂന്ന് പേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. ഇവരിപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരെ ജയിലല്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്.