ന്യൂദല്‍ഹി- ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌ക്കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന എന്ന് പുനര്‍നാമകരണം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഹോക്കി ഹീറോയും ഇതിഹാസ കായിക താരവുമായ ധ്യാന്‍ ചന്ദിനുള്ള ആദരവായാണ് ഈ പുനര്‍നാമകരണം. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഖേല്‍ ര്തന പുരസ്‌ക്കാരത്തിന് മേജര്‍ ധ്യാന്‍ ചന്ദിന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വികാരം മാനിച്ചാണ് ഈ പേരുമാറ്റമെന്നും പ്രധാനമന്ത്രി പറഞ്ഞു.
41 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ഹോക്കി ടീം ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടുകയും ദേശീയ വനിതാ ഹോക്കി ടീം സെമിയില്‍ പ്രവേശിക്കുകയും ചെയ്തതോടെ വീണ്ടും ഇന്ത്യന്‍ ഹോക്കി തിളങ്ങി നില്‍ക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന് രാജ്യം പുതിയ അംഗീകാരം നല്‍കുന്നത്. ദേശീയ കായിക ദിനമായി ഇന്ത്യ ആചരിക്കുന്നത് ധ്യാന്‍ ചന്ദിന്റെ ജന്മദിനമാണ്. ഇന്ത്യയ്ക്കു വേണ്ടി മൂന്ന് ഒളിംപിക് സ്വര്‍ണ മെഡലുകള്‍ നേടിക്കൊടുത്ത ധ്യാന്‍ ചന്ദിന്റെ ഇന്ത്യന്‍ ടീം ലോകത്തെ ഒന്നാം നമ്പര്‍ ടീം ആയിരുന്നു.
ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദ്
ഹോക്കി മാന്ത്രികന്‍ എന്നറിയപ്പെടുന്ന ധ്യാന്‍ ചന്ദ് ലോക ഹോക്കി ചരിത്രത്തിലെ ഇതിഹാസ താരമാണ്. ഉത്തര്‍ പ്രദേശിലെ അലഹാബാദില്‍ (പ്രയാഗ്‌രാജ്) 1905ലായിരുന്നു ജനനം. ധ്യാന്‍ ചന്ദിന്റെ മാന്ത്രിക വടിയിലൂടെ ഇന്ത്യ 1928, 1932, 1936 ഒളിംപിക്‌സുകളില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടി. 1964 വരെ പിന്നീട് ഇന്ത്യ നാല് തവണ കൂടി ഒളിംപിക്‌സ് ഹോക്കിയില്‍ സ്വര്‍ണ നേടിയപ്പോഴും ധ്യാന്‍ ചന്ദിന്റെ സ്വാധീനം ഇന്ത്യന്‍ ഹോക്കിയിലുണ്ടായിരുന്നു. ഗോള്‍ നേടുന്നതില്‍ അതിവൈദ്യഗ്ധമുണ്ടായിരുന്ന ധ്യാന്‍ ചന്ദ് 185 രാജ്യാന്തര മാച്ചുകളിലായി 570 ഗോളുകളാണ് അടിച്ചു കൂട്ടിയത്. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരും ഗോള്‍ എന്നാണ്. 1956ല്‍ ധ്യാന്‍ ചന്ദിനെ രാജ്യം പത്മ ഭൂഷണ്‍ നല്‍കി ആദരിച്ചു. 1979ല്‍ 74-ാം വയസ്സിലായിരുന്നു അന്ത്യം.
I have been getting many requests from citizens across India to name the Khel Ratna Award after Major Dhyan Chand. I thank them for their views.
— Narendra Modi (@narendramodi) August 6, 2021
Respecting their sentiment, the Khel Ratna Award will hereby be called the Major Dhyan Chand Khel Ratna Award!
Jai Hind! pic.twitter.com/zbStlMNHdq