മുറാദാബാദ്- പടിഞ്ഞാറന്‍ യുപിയിലെ മുറാദാബാദിലെ ശിവമന്ദിര്‍ കോളനിയില്‍ രണ്ടിടത്ത് മുസ്ലിംകള് സ്വത്ത് വാങ്ങിയതിനെതിരെ പ്രദേശത്തെ ഹിന്ദുക്കള്‍ രംഗത്ത്. തങ്ങളുടെ പ്രദേശത്ത് മുസ്ലിംകള്ക്ക് സ്ഥലം വിറ്റതിനാല്‍ വീടുകള്‍ വിറ്റ് കൂട്ടമമായി പാലായനം ചെയ്യുമെന്നാണ് നാട്ടുകാരുടെ ഭീഷണി. ഒരു സ്വത്തു തര്‍ക്കമാണ് ഈ സംഭവത്തിനു പിന്നിലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ശിവമന്ദിര്‍ കോളനിയിലെ ഏതാണ്ട് എല്ലാ വീടുകള്‍ക്കു മുന്നിലും വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡ് വച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഈ വില്‍പ്പന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മധ്യവര്‍ഗ കുടുംബങ്ങളാണ് ഈ ചെറിയ പ്രദേശത്ത് താമസിക്കുന്നവർ. പ്രദേശത്ത് രണ്ടിടത്തായി മുസ്ലിംകള് വാങ്ങിയ രണ്ടു വീടുകളും പൂട്ടിക്കിടക്കുകയാണ്.
'അവര്‍ അവരുടെ സ്ഥലത്തും ഞങ്ങള്‍ ഞങ്ങളുടെ സ്ഥലത്തും ജീവിക്കാമെന്ന പരസ്പര ധാരണ ഇവിടെയുണ്ട്. ഇത് നല്ല രീതിയില്‍ പോകുന്നുമുണ്ട്. ഇതിനിടെ എന്തിനാണ് അവര്‍ ഇവിടെ നിര്‍ബന്ധപൂര്‍വ്വം വന്ന് സ്വത്ത് വാങ്ങി ഇവിടുത്തെ അന്തരീക്ഷം അലങ്കോലമാക്കുന്നത്. ഞങ്ങളുടെ സംസ്കാരങ്ങള്‍ വ്യത്യസ്തമാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ആഘോഷങ്ങളുണ്ട്. അവരുടെ ആഘോഷങ്ങളില്‍ അവര്‍ മൃഗങ്ങളെ അറുക്കുന്നവരാണ്,' പ്രദേശവാസിയായ ബിസിനസുകാരന് ഗൗരവ് കോഹ്ലി പറയുന്നു.
മുസ് ലിംകള്‍ പ്രദേശത്ത് സ്വത്ത് വാങ്ങിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ എല്ലാ ദിവസവും ശിവ ക്ഷേത്രത്തില്‍ സംഘടിച്ച് പ്രതിഷേധിച്ചു വരുന്നു. ഈ പ്രദേശമാകെ വില്‍പ്പനയ്ക്ക് എന്നൊരു ബോര്‍ഡും ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തെ സംരക്ഷിക്കാന്‍ കൂടിയാണ് തങ്ങളുടെ പ്രതിഷേധമെന്നും അവര്‍ പറയുന്നു. അവര്‍ നാലിരട്ടി വരെ വില കൊടുത്താണ് രണ്ട് വീടുകള്‍ വാങ്ങിയിരിക്കുന്നത്, മുറാദാബാദില്‍ ഇതിലും കുറഞ്ഞ വിലയില്‍ മറ്റിടങ്ങളില്‍ വീട് ലഭിക്കുമെന്നിരിക്കെ എന്തിനാണവര്‍ ഇവടെ തന്നെ സ്വത്ത് വാങ്ങുന്നത്- പ്രദേശവാസിയായ വിവേക് ശര്‍മ ചോദിക്കുന്നു.
നാട്ടുകാരുടെ ഈ പ്രതിഷേധം അറിഞ്ഞതിനെ തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാര്‍ സിങ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. സ്വന്തം സ്ഥലം ആര്‍ക്കു വേണമെങ്കിലും വില്‍പ്പന നടത്താമെന്നും ഇത് ആര്‍ക്കും തടയാനാവില്ലെന്നും ജില്ലാ ഭരണകൂടം നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇവിടെ ഉള്ള പ്രദേശവാസികള്‍ തന്നെ ഈ വീടുകള്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇവ നേരത്തെ തന്നെ വിറ്റുപോയ വിവരം ഇവര്‍ പിന്നീടാണ് അറിഞ്ഞത്- മജിസ്ട്രേറ്റ് പറഞ്ഞു. ജനങ്ങള്‍ എവിടേയും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന അറിയിച്ച് പോലീസും പ്രസ്താവന ഇറക്കിയിരുന്നു. ചിലര്‍ മനപ്പൂര്‍വ്വം സമൂഹ മാധ്യമങ്ങളിലൂടെ സാമുദായിക സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പു നല്കി.
ഈ പ്രദേശത്ത് 81 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരില്‍ രണ്ടു കുടുംബങ്ങള്‍ രണ്ടു മാസം മുമ്പ് അവരുടെ വീടുകള്‍ മുസ്ലിം സമുദായക്കാരായ രണ്ടു പേര്‍ക്ക് വിറ്റു. ഈ രണ്ടു വീടുകളിലും ആറും താമസിക്കുന്നില്ലെന്നും പുറത്ത് നിന്ന് പൂട്ടിയിട്ട നിലയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്- ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
വീടുകള്‍ വിറ്റവരും വാങ്ങിയവരും പൂര്‍ണ തൃപ്തരാണ്. ആരുമായും പ്രശ്നവുമില്ല. ഞങ്ങള്‍ സഹോദരങ്ങളാണ്. നിയമവും ജീവിക്കാനും സ്വത്ത് വാങ്ങാനുമുള്ള അവകാശങ്ങളെ കുറിച്ച് അധികാരികള്‍ക്ക് അറിയാം. സ്വത്ത് വാങ്ങിയാല്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കുന്നു- സ്വത്ത് വാങ്ങിയവരില്‍ ഒരാള്‍ പറയുന്നു.