ഹൈദരാബാദ് - കോളിളക്കം സൃഷ്ടിച്ച ബോളിവുഡ് സിനിമ പത്മാവത് വെറും ചവറാണെന്നും മുസ്ലിംകൾ ഇതു കണ്ട് സമയം പാഴാക്കരുതെന്നും മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി. രജപുത്ര രാജ്ഞി റാണി പത്മാവതിയും അലാവുദ്ദീൻ ഖിൽജി ചക്രവർത്തിയും തമ്മിലുള്ള പ്രണയ കഥയാണ് സിനിമ.
വാറങ്കലിൽ ഒരു പൊതു യോഗത്തിൽ സംസാരിക്കവെയാണ് ഉവൈസി ഇങ്ങനെ പറഞ്ഞത്. 'പത്മാവത് ശാപമേറ്റ ഒരു മോശം സിനിമയാണ്. അതിനു പിന്നാലെ പോകരുത്. ദൈവം നിങ്ങളെ സൃഷ്ടിച്ചത് ഈ രണ്ടു മണിക്കൂർ സിനിമ കാണാനല്ല, നല്ല കാര്യങ്ങൾ ചെയ്ത് നല്ല ജീവിതം നയിക്കാനാണ്. അതായിരിക്കും നൂറ്റാണ്ടുകളോളം സ്മരിക്കപ്പെടുക,' ഉവൈസി പറഞ്ഞു.
'ഈ സിനിമയുടെ കഥ കവിയായ മാലിക് മുഹമ്മദ് ജയസി 1540ൽ എഴുതിയ ഒരു സാഹിത്യ സൃഷ്ടിയാണ്. ഇതിന് യാതൊരു ചരിത്ര അടിത്തറയുമില്ല. വെറും നോവൽ മാത്രമാണ്. ഈ ചവറ് സിനിമ പരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പന്ത്രണ്ടംഗ സമിതിയെ നിയോഗിക്കുകയും പല ഭാഗങ്ങളും ഒഴിവാക്കാൻ നിർദേശിക്കുകയും ചെയ്തു. വെറുമൊരു കഥയായിട്ടു പോലും സർക്കാർ ഇതിൽ വലിയ താൽപര്യമെടുത്തു. അതേസമയം മുസ്ലിംകളെ സംബന്ധിക്കുന്ന നിയമ പ്രശ്‌നങ്ങൾ വരുമ്പോൾ മുസ്ലിം നേതാക്കളുമായി ചർച്ച നടത്താൻ പോലും പ്രധാനമന്ത്രി തയാറാകുന്നില്ല,' ഉവൈസി ചൂണ്ടിക്കാട്ടി.