മുംബൈ- പ്രമുഖ ഇ-ലേണിങ് അപ്ലിക്കേഷനായ ബൈജുസ് ആപ്പില്‍ നല്‍കിയ യുപിഎസ്‌സി കരിക്കുലത്തില്‍ തെറ്റിദ്ധാരണാ ജനകമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എന്ന പരാതിയില്‍ ഉടമയും മലയാളി സംരഭകനുമായ ബൈജു രവീന്ദ്രനെതിരെ മുംബൈ പോലീസ് കേസെടുത്തു. ക്രൈമോഫോബിയ എന്ന സ്ഥാപനമാണ് ബൈജുസിനെതിരെ പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഢാലോചന, ഐടി നിയമം 69(എ) വകുപ്പ് എന്നിവ ചുമത്തി ജൂലൈ 30നാണ് മുംബൈയിലെ ആരെ കോളനി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
യുഎന്‍ കണ്‍വെന്‍ഷന്‍ എഗയ്ന്‍സ്റ്റ് ട്രാന്‍സ്‌നാഷനല്‍ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ (യുഎന്‍ടിഒസി) ഒരു നോഡല്‍ ഏജന്‍സിയാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) എന്ന തെറ്റായ വിവരമാണ് ബൈജുസ് ആപ്പില്‍ യുപിഎസ് സി കരിക്കുലത്തിന്റെ ഭാഗമായി നല്‍കിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. യുഎന്‍ടിഒസിയുടെ നോഡല്‍ ഏജന്‍സിയല്ല സിബിഐ എന്ന് രേഖാമൂലം സിബിഐ തന്നെ അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാരായ ക്രൈമോഫോബിയ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബൈജുസ് ആപ്പിന് ഇ-മെയില്‍ വഴി വിവരം അറിയിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സിബിഐ നോഡല്‍ ഏജന്‍സി എന്ന് പറയുന്ന ഒരു ആഭ്യന്തര മന്ത്രാലയം കത്താണ് ഇതിനു മറുപടിയായ ബൈജുസ് കാണിച്ചത്. ഈ കത്ത് 2012ലേതാണ്. മറുപടി തൃപ്തികരമല്ലാത്തത് കൊണ്ടാണ് പോലീസിനെ സമീപിച്ചത്- ക്രൈമോഫോബിയ സ്ഥാപകന്‍ സ്‌നേഹില്‍ ധല്‍ പറഞ്ഞു. യഎന്‍ടിഒസി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറക്കാനുള്ള ഒരു ഉടമ്പടിയാണെന്നും അദ്ദേഹം പറഞ്ഞു.