ന്യൂദല്‍ഹി- ഇസ്രാഈലി ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടേയും മാധ്യമ പ്രവര്‍ത്തകരുടേയും ജഡ്ജിമാരുടേയും ഫോണ്‍ ചോര്‍ത്തി രഹസ്യ നിരീക്ഷണം നടത്തിയ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ പാര്‍ലമെന്റില്‍ വീണ്ടു ബഹളം. പെഗസസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം പിന്‍വാങ്ങിയിട്ടില്ല. ഈ ആവശ്യം ഉന്നയിച്ചാണ് ഇന്ന് വീണ്ടും ബഹളംവച്ചത്. സഭ അലങ്കോലപ്പെട്ടതിനെ തുടര്‍ന്ന് ആദ്യ സെഷന്‍ പിരിഞ്ഞു. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാകാത്തതിന് എതിരെ പാര്‍ലമെന്റിനു പുറത്തും ബാനറും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു.
കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യ പെഗസസ് ഉപയോഗം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പറ്റം ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്. ഇവ ഇന്നത്തേക്ക് പരിഗണിക്കാന്‍ മാറ്റിയതായിരുന്നു. മുതിര്‍ന്ന മാധ്യമ വര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകന്‍ എം എല്‍ ശര്‍മ, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, പെഗസസ് ഫോണ്‍ ചോര്‍ത്തലിന് ഇരയാക്കപ്പെട്ടവരുടെ പട്ടികയിലുള്ള മാധ്യമപ്രവര്‍ത്തകരായ പരജ്ഞോയ് തകുര്‍ത്ത, എസ് എന്‍ എം അബിദി, പ്രേം ശങ്കര്‍ ഝാ, രുപേഷ് കുമാര്‍ സിങ്, ഇപ്‌സ സതാക്ഷി എന്നിവര്‍ ചേര്‍ന്ന് നല്‍കിയതും ഉള്‍പ്പെടെ അഞ്ച് ഹര്‍ജികളാണ് ഇതേ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയിലുള്ളത്.